കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണയ്ക്ക് വനിതാ ജഡ്ജി വേണമെന്ന ആവശ്യമായി പൊലീസ് ഉടൻ ഹൈക്കോടതിയെ സമീപിക്കും. ദൃശ്യങ്ങൾ ആവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജി അങ്കമാലി കോടതി തള്ളി. ഇനിയുള്ള വിചാരണാ നടപടികൾക്കായി കേസ് ജില്ലാ സെഷൻസ് കോടതിക്ക് കൈമാറി. 


നടിയെ ആക്രമിച്ച് പ്രതികൾ പകർത്തിയ ദൃശ്യങ്ങളാണ് കേസിലെ നിർണായക തെളിവ് . പൊലീസ് ശേഖരിച്ച ഈ ദൃശ്യങ്ങൾ വിചാരണയ്ക്ക് മുമ്പ് വിട്ടുകിട്ടണമെന്നായിരുന്നു ദിലീപിന്റെ ആവശ്യം .ഇത് പ്രതിയുടെ അവകാശമാണെന്നും ദിലീപ് വാദിച്ചു . എന്നാൽ ദൃശ്യങ്ങൾ നൽകുന്നത് നടിയുടെ സ്വകാര്യതയെയും സുരക്ഷയെയും ബാധിക്കുമെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം . ഈ വാദം അംഗീകരിച്ചാണ് കോടതി ദിലീപിന്റെ ഹർജി തള്ളിയത് . തുടർന്ന് കേസ് വിചാരണ സംബന്ധിച്ച് തീരുമാനമെടുക്കാൻ ജില്ലാ സെഷൻസ് കോടതിക്ക് കൈമാറി. അതേ സമയം കേസിൽ വിചാരണ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് ഉടൻ ഹൈക്കോടതിയെ സമീപിക്കും . വിചാരണയ്ക്ക് വനിതാ ജഡ്ജി വേണമെന്നും ആവശ്യപ്പെടും . 

അതേ സമയം കാശുള്ളവർ രക്ഷപെടുമെന്നായിരുന്നു വിചാരണയെക്കുറിച്ച് മുഖ്യ പ്രതി സുനിയുടെ പ്രതികരണം . നടിയെ ആക്രമിച്ച ദൃശ്യങ്ങൾ നേരത്തെ കോടതിയുടെ സാന്നിധ്യത്തിൽ ദിലീപിന്റെ അഭിഭാഷകൻ പരിശോധിച്ചിരുന്നു . ദൃശ്യങ്ങൾ എഡിറ്റ് ചെയ്ത താണെന്നും ഇതിൽ മറ്റൊരു സ്ത്രീയുടെ ശബ്ദമുണ്ടെന്നും ഇത് സൂക്ഷ്മപരിശോധന നടത്തണമെന്നും ദിലീപ് വാദിച്ചിരുന്നു. കേസിൽ മറ്റു തെളിവുകളുടെ പകർപ്പ് ദിലീപിന് കൈമാറിയിട്ടുണ്ട്.