എസ്ഡിപിഐയുടെ ചുമട്ട് തൊഴിലാളി സംഘടനയുടെ നേതാവ്  കൂടിയായ സനീഷ് കൊലയാളി സംഘത്തില്‍ ഉള്‍പ്പെട്ടിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കൊലപ്പെടുത്തായി കത്തി കരുതിയിരുന്നത് കേസിലെ ആറാം പ്രതിയായ സനീഷാണ്. 

കൊച്ചി: മഹാരാജാസ് കോളേജിലെ എസ്എഫഐ നേതാവ് അഭിമന്യുവിനെ കുത്തിയത് ആരെന്ന് ഇനിയും വ്യക്തമാക്കാതെ പൊലീസ്. അതേസമയം കാമ്പസിലേക്ക് ആയുധങ്ങളെത്തിച്ചത് കഴിഞ്ഞ ദിവസം അറസ്റ്റിലായ സനീഷാണെന്ന് പൊലീസിന്റെ റിമാന്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.

എസ്ഡിപിഐയുടെ ചുമട്ട് തൊഴിലാളി സംഘടനയുടെ നേതാവ് കൂടിയായ സനീഷ് കൊലയാളി സംഘത്തില്‍ ഉള്‍പ്പെട്ടിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കൊലപ്പെടുത്താനായി കത്തി കരുതിയിരുന്നത് കേസിലെ ആറാം പ്രതിയായ സനീഷാണ്. സംഭവം നടന്ന ദിവസം കോളേജ് ക്യാമ്പസില്‍ രാത്രി ഇയാള്‍ കത്തി കാണിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. കത്തിക്ക് പുറമെ ഇടിക്കട്ട, ഉരുട്ടിയ മരവടി എന്നീ ആയുധങ്ങളും സനീഷ് എത്തിച്ചുവെന്നും റിമാന്‍റ് റിപ്പോര്‍ട്ടിലുണ്ട്. അതേസമയം കൊലപാതകം എങ്ങനെയാണ് നടന്നതെന്നും ആരാണ് അഭിമന്യുവിനെ കുത്തിയതെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നില്ല.