ലോസ് ആഞ്ചലസ്: സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സിന്‍റെ വിമാനത്തില്‍ നിന്ന് യുവതിയെ പിടിച്ചു വലിച്ച് പുറത്തിറക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു‍. ബാല്‍റ്റിമോറില്‍ നിന്ന് ലോസ് ആഞ്ചലസിലേക്ക് വിമാനം പറക്കുന്നതിന് തൊട്ടുമുന്‍പാണ് സംഭവം. സഹ യാത്രികരാണ് വീഡിയോ ഷൂട്ട് ചെയ്ത് സമൂഹമാധ്യമങ്ങളില്‍ ഇട്ടത്. 

യാത്രക്കാരുടെ ഒപ്പം വിമാനത്തില്‍ രണ്ട് വളര്‍ത്തു മൃഗങ്ങളും ഉണ്ടായിരുന്നു. മൃഗങ്ങളോട് യുവതിക്ക് അലര്‍ജിയുണ്ടെന്നത് ചൂണ്ടിക്കാട്ടി എയര്‍ലൈന്‍സിലെ ജീവനക്കാരാണ് യുവതിയെ വിമാനത്തില്‍ നിന്ന് പുറത്തിറക്കാന്‍ ശ്രമിച്ചത്. എന്നാല്‍ പുറത്തിറങ്ങാന്‍ യുവതി തയ്യാറായില്ല. തുടര്‍ന്ന് ജീവനക്കാര്‍ പൊലീസിനെ വിളിക്കുകയും യുവതിയെ പുറത്താക്കുകയുമായിരുന്നു.

എന്നാല്‍ സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സ്‍ സംഭവത്തില്‍ ദുഖം രേഖപ്പെടുത്തി. യുവതിക്ക് വളര്‍ത്തു മൃഗങ്ങള്‍ അലര്‍ജിയുള്ളതാണ്. വളര്‍ത്തു മൃഗങ്ങള്‍ വിമാനത്തില്‍ ഉള്ളതിനാല്‍ യുവതിയെയും വിമാനത്തില്‍ ഉള്‍ക്കൊള്ളിക്കാന്‍ കഴിഞ്ഞില്ല. യാത്ര ചെയ്യുന്നത് ശരീരാരോഗ്യത്തെ ബാധിക്കില്ല എന്ന് തെളിയിക്കുന്നതിനുള്ള മതിയായ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളും യുവതി ഹാജരാക്കിയില്ല. തൊട്ടടുത്ത ദിവസത്തെ വിമാനത്തില്‍ യാത്ര ചെയ്യാമെന്ന് ജീവനക്കാര്‍ പറഞ്ഞെങ്കിലും യുവതി സമ്മതിച്ചില്ലെന്ന് സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സ്‍ പ്രതിനിധി പറഞ്ഞു.