പെരുമ്പാവൂരില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീ‍ഡിപ്പിച്ച കേസിലെ പ്രതിയെ തിരിച്ചറിഞ്ഞു. ഭാര്യയെയും മകനെയും കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അസ്സം സ്വദേശി അബ്ദുള്‍ ഹക്കീമിനെയാണ് പൊലീസ് തിരിച്ചറിഞ്ഞത്. ഈ പീഡനവിവരം പുറത്തറിയാതിരിക്കാനാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.

രണ്ട് കൊല്ലം മുമ്പാണ് അസം സ്വദേശിയായ പെണ്‍കുട്ടിയെ അബ്ദുള്‍ ഹക്കിം പീഡിപ്പിച്ചത്.പെരുമ്പാവൂരിലെ പ്ലൈവുഡ് കമ്പനിയില്‍ സൂപ്പര്‍വൈസറായിരുന്ന അബ്ദുള്‍ ഹക്കീം പെണ്‍കുട്ടിയുടെ അച്ഛനുമായി സൗഹൃദത്തിലായിരുന്നു. ഭാര്യയ്‌ക്ക് കൂട്ടിന് എന്ന് പറഞ്ഞ് ഇയാള്‍ പെണ്‍കുട്ടിയെ വട്ടക്കാട്ടുപടിയ്‌ക്കലുള്ള സ്വന്തം വീട്ടില്‍ കൊണ്ടു പോയി നിര്‍ത്തി, ഭാര്യ സ്ഥലത്തില്ലാത്ത സമയം ഇയാള്‍ പെണ്‍കുട്ടിയെ പീഡീപ്പിക്കുകയായിരുന്നു. പീഡന വിവരം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. എന്നാല്‍ പെണ്‍കുട്ടി വിവരം അബ്ദുള്‍ ഹക്കീമിന്റെ ഭാര്യയെ അറിയിച്ചു.തു ടര്‍ന്ന് ഭാര്യയെ മര്‍ദിച്ച ഇയാള്‍ പെണ്‍കുട്ടിയെ മുറിയില്‍ പൂട്ടിയിട്ട് വീണ്ടും പീഡിപ്പിച്ചു. സംഭവത്തെ തുടര്‍ന്ന് വൈരാഗ്യം പൂണ്ട ഇയാള്‍ രണ്ട് മാസത്തിന് ശേഷം ഭാര്യയെയും മകനെയും വെങ്ങോലയില്‍ വച്ച് കഴുത്തറുത്ത് കൊല്ലുകയായിരുന്നു.

സംഭവം നടന്ന് രണ്ട് കൊല്ലത്തിന് ശേഷം പീ‍ഡനവിവരം പെണ്‍കുട്ടി സ്കൂള്‍ അധികൃതരെ അറിയിച്ചതോടെയാണ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്.പെരുമ്പാവൂര്‍ പൊലീസിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിലാണ് കൊലക്കേസ് പ്രതിയായ ഹക്കീമാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞത്. ഭാര്യയെയും മകനെയും കൊലപ്പെടുത്തിയ കേസില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്നു അബ്ദുള്‍ ഹക്കീം.ഈ കേസില്‍ വിചാരണ തുടങ്ങാനിരിക്കെയാണ് പീ‍ഡനകേസിലും ഇയാള്‍ പ്രതിയാകുന്നത്.