പോലീസ് നടത്തിയ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു. അഞ്ച് പേർക്ക് പരിക്കേറ്റു.


തൂത്തുക്കുടി: തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ പോലീസും ജനക്കൂട്ടവും തമ്മിലുള്ള സംഘർഷം തുടരുന്നു. പോലീസ് നടത്തിയ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു. അഞ്ച് പേർക്ക് പരിക്കേറ്റു. കാളിയപ്പൻ(24) എന്നയാളാണ് മരിച്ചത്. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. 

തൂത്തുക്കുടിയില്‍ നിരോധനാജ്ഞ നിലനില്‍ക്കുന്നുണ്ടെങ്കിലും ഇന്ന് രാവിലെ മുതല്‍ തന്നെ പലയിടത്തും സംഘര്‍ഷം രൂക്ഷമായിരുന്നുഇന്നലെ പോലീസ് നടത്തിയ വെടിവെയ്പ്പിൽ 11 പേർ കൊല്ലപ്പെട്ടതിനെ തുടർന്ന് രോക്ഷാകുലരായ ജനങ്ങൾ ഇന്ന് വ്യാപകമായി റോഡ് ​ഗതാഗതം തടസ്സപ്പെടുത്തുകയും നിരവധി വാഹനങ്ങൾ കത്തിക്കുകയും ചെയ്തു.

വെടിവെപ്പില്‍ കൊല്ലപ്പെട്ടരുടെ ബന്ധുകളും പോലീസ് ഉദ്യോഗസ്ഥരും തമ്മില്‍ രാവിലെ മുതല്‍ ജനറല്‍ ആശുപത്രിക്ക് സമീപം വാക്കേറ്റവും സംഘര്‍ഷവുമുണ്ടായിരുന്നു. തൂത്തുക്കുടിയുടെ പലഭാഗത്തും സമരക്കാരെ ഓടിക്കാന്‍ പോലീസ് ലാത്തിചാര്‍ജ് നടത്തുകയും കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് അണ്ണാനഗറില്‍ പോലീസ് വെടിവച്ചത്. 

പ്രതിപക്ഷനേതാവ് എം.കെ.സ്റ്റാലിന്‍, നടന്‍ കമലഹാസന്‍, എംഡിഎംകെ നേതാവ് വൈക്കോ എന്നിവര്‍ തൂത്തുക്കുടിയിലെത്തി പരിക്കേറ്റവരേയും സമരക്കാരേയും സന്ദര്‍ശിച്ചു. വേദാന്ത കന്പനിക്ക് വേണ്ടിയാണ് പോലീസ് ആളുകള്‍ക്കെതിരെ വെടിവച്ചതെന്ന് സമരസമിതിയും ആരോപിച്ചു. 

Scroll to load tweet…