ബംഗളുരു: ഇന്നലെ രാത്രി വെടിയേറ്റ് കൊല്ലപ്പെട്ട മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ വീടിന് മുന്നിലും വാതിലിലുമുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. ഇത് വിദഗ്ദ പരിശോധനയ്ക്കായി അയച്ചു. രാത്രിയില്‍ വെളിച്ചം കുറവായിരുന്നതിനാല്‍ ദൃശ്യങ്ങള്‍ അവ്യക്തമാണെന്ന് പൊലീസ് അറിയിച്ചു. ഹെല്‍മറ്റ് ധരിച്ച ഒരാള്‍ ദൃശ്യങ്ങളിലുണ്ടെന്നാണ് അന്വേഷണ ഉദ്ദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന. ഇയാളെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടുണ്ടോയെന്ന് വ്യക്തമല്ല.
നാല് ബുള്ളറ്റുകളാണ് പൊലീസ് ഇതുവരെ കണ്ടെടുത്തത്. കൊലപാതകം നടന്ന സമയത്ത് രണ്ട് ബൈക്കുകളുടെ ശബ്ദം കേട്ടെന്നാണ് അയല്‍വാസി മൊഴി നല്‍കിയത്. അതേസമയം കൊലപാതകത്തെ സംബന്ധിച്ച് സി.ബി.ഐ അന്വേഷണം വേണമെന്ന് ഗൗരി ലങ്കേഷിന്റെ സഹോദരന്‍ ഇന്ദ്രജിത് ലങ്കേഷ് ആവശ്യപ്പെട്ടു. കൽബുർഗി വധം അന്വേഷിച്ച സംസ്ഥാന ഏജൻസികൾക്ക് ഇതുവരെ ഒന്നും കണ്ടെത്താനായില്ലെന്നും ഗൗരി ലങ്കേഷിന് വധഭീഷണിയുള്ളതായി അറിവുണ്ടായിരുന്നില്ലെന്നും ഇന്ദ്രജിത് പറഞ്ഞു.
ബെംഗളൂരു രാജ രാജേശ്വരി നഗറിലെ വീട്ടില്‍ ഇന്നലെ രാത്രി എട്ട് മണിയോടെയാണ് ഗൗരി ലങ്കേഷ് വെടിയേറ്റ് കൊല്ലപ്പെട്ടത്. ലങ്കേഷ് പത്രിക എന്ന സ്വന്തം വാരികയുടെ ഓഫീസില്‍ നിന്നും വീട്ടിലേക്ക് മടങ്ങിയെത്തിയപ്പോഴാണ് ആക്രമണമുണ്ടായത്. കാറില്‍ നിന്നിറങ്ങി വീടിന്റെ ഗേറ്റ് തുറക്കുമ്പോള്‍ അജ്ഞാതന്‍ വെടിയുതിര്‍ക്കുകയായിരുന്നു. കന്നഡ യുക്തിവാദിയും സാഹിത്യകാരനുമായിരുന്ന എംഎം കല്‍ബുര്‍ഗി കൊല്ലപ്പെട്ട് രണ്ട് വര്‍ഷം തികയുമ്പോഴാണ് തീവ്രഹിന്ദു രാഷ്ട്രീയത്തിന്റെ വിമര്‍ശകയായിരുന്ന ഗൗരി ലങ്കേഷും സമാനമായ രീതിയില്‍ കൊല്ലപ്പെട്ടത്.
