തിരുവനന്തപുരം: പീഡന ശ്രമത്തിനിടെ ജനനേന്ദ്രിയം ഛേദിക്കപ്പെട്ട കേസില്‍ സ്വാമി ഗംഗേശാനന്ദ തീര്‍ത്ഥപാദയെ മൂന്നു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കസ്റ്റഡി കാലാവധിയില്‍ സ്വാമിക്ക് ആവശ്യമായ വൈദ്യസഹായം നല്‍കാനും പോക്‌സോ കോടതി ഉത്തരവിട്ടു. രാവിലെ സ്വാമിയെ ഹാജരാക്കാത്തതിനെ തുടര്‍ന്ന് അന്വേഷണ സംഘത്തെ കോടതി ശകാരിച്ചിരുന്നു
കഴിഞ്ഞ മാസം 20നാണ് പീഡനശ്രമം ചെറുക്കുന്നതിനിടെ തിരുവനന്തപുരം സ്വദേശിയായ യുവതി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം ഛേദിച്ചത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ പരാതിയില്‍ പൊലീസ് കേസ്സെടുത്തു. ഈ മാസം 21ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തി മജിസ്‍ട്രേറ്റ് ഗംഗേശാന്ദയെ റിമാന്‍ഡ് ചെയ്തു. എന്നാല്‍ മകള്‍ക്ക് മാനസിക അസ്വാസ്ഥ്യം ഉണ്ടെന്നും പ്രണയബന്ധം എതിര്‍ത്തതാണ് അക്രമത്തിന് പിന്നിലെന്നും കാണിച്ച് കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുടെ അമ്മ ഡി.ജി.പിക്ക് പരാതിയും നല്‍കി. ഇതേ തുടര്‍ന്നാണ് പൊലീസ് കസ്റ്റഡി അപേക്ഷ നല്‍കിയത്. രാവിലെ കേസ് പരിഗണനയ്‌ക്ക് വന്നപ്പോള്‍ ഗംഗേശാനന്ദയയുടെ അസാന്നിദ്ധ്യത്തില്‍ പൊലീസ് കസ്റ്റഡി അപേക്ഷ മുന്നോട്ടുവച്ചു.
പ്രതിയുടെ അസാന്നിദ്ധ്യത്തില്‍ എങ്ങിനെ കസ്റ്റഡി അപേക്ഷ നല്‍കുമെന്ന ചോദിച്ച കോടതി പൊലീസിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. തുടര്‍ന്ന് ഉച്ചയോടെ മെഡി. കോളേജ് ആശുപത്രിയില്‍ നിന്ന് ഗംഗേശാനന്ദയെ ഡിസ്ചാര്‍ജ്ജ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. ശനിയാഴ്ച വരെയാണ് കസ്റ്റഡി കാലാവധി. ആവശ്യമായ വൈദ്യസഹായം ഉറപ്പുനല്‍കണമെന്ന് കോടതി അന്വേഷണ സംഘത്തിന് നിര്‍ദ്ദേശം നല്‍കി. വരുംദിവസങ്ങളില്‍ വിശദമായ ചോദ്യംചെയ്യലിനും, തെളിവെടുപ്പിനും ഗംഗേശാനന്ദയെ വിധേയനാക്കും.
