ആലപ്പുഴ: ഏഷ്യാനെറ്റ് ന്യൂസ് ആലപ്പുഴ ബ്യൂറോയ്ക്ക് നേരെ ആക്രമണം നടന്നിട്ട് ഒരു മാസം പൂര്‍ത്തിയാവുന്നു. 12 സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം നടത്തിയെങ്കിലും ഇതുവരെ പ്രതികളെ പിടികൂടാന്‍ പോലീസിനായില്ല.

ആലപ്പുഴ നഗരമധ്യത്തിൽ പ്രധാന റോഡിൽ നിന്നും 50 മീറ്റർ മാറി റസിഡൻഷ്യൽ ഏരിയയിൽ പ്രവർത്തിക്കുന്ന ഏഷ്യാനെറ്റ് ന്യൂസിന്റെ ഓഫീസിന് നേരെയാണ് ആക്രമണമുണ്ടായത്. ചുറ്റുമതിലും ഗേറ്റും ഉള്ള കോൺക്രീറ്റ് കെട്ടിടത്തിന്റെ പോർച്ചിൽ പാർക്ക് ചെയ്തിരുന്ന കാറിന്റെ മുന്നിലെയും പിന്നിലെയും ചില്ലുകൾ കല്ല് ഉപയോഗിച്ച തകർത്ത നിലയിലാണ് അന്ന് കണ്ടെത്തിയത്. ആക്രമണം നടന്ന സമയത്ത് ഏഷ്യാനെറ്റ് ന്യൂസ് ആലപ്പുഴ റിപ്പോർട്ടർ ടി.വി പ്രസാദ് ഓഫീസിലുണ്ടായിരുന്നു. രാവിലെ സംഭവം അറിഞ്ഞതോടെ ‍ഡി.ജി.പിയുടെ നിര്‍ദ്ദേശപ്രകാരം ആലപ്പുഴ എസ്.പിയുടെ നേതൃത്വത്തില്‍ തന്നെ പോലീസിന്റെ പ്രത്യേകസംഘം അന്വേഷണം തുടങ്ങിയിരുന്നു. എന്നാല്‍ സംഭവം നടന്ന് ഒരു മാസത്തിനിപ്പുറവും പ്രതികളെ പിടികൂടാ‍ന്‍ പോലീസിനായില്ല. 

ആക്രമണം നടത്തിയെന്ന് സംശയിക്കുന്ന ബൈക്കിലെത്തിയ രണ്ടുപേരുടെ ദൃശ്യങ്ങള്‍ നഗരത്തിലെ പത്തിലധികം സി.സി.ടി.വികളില്‍ നിന്ന് കിട്ടിയെങ്കിലും അവരെ തിരിച്ചറിയാന്‍ പോലീസിനായില്ല. ഓഫീസ് ആക്രമിക്കാനുള്ള 12 സാധ്യതകളാണ് പ്രത്യേകമായി ആദ്യ ദിവസങ്ങളില്‍ അന്വേഷിച്ചത്. എന്നാല്‍ ആദ്യമുണ്ടായത് പോലുള്ള അന്വേഷണം ഇപ്പോള്‍ നടക്കുന്നില്ല. സംഭവവുമായി ബന്ധപ്പെട്ട് നിരവധി പേരെ ഇതിനോടകം ചോദ്യം ചെയ്തു. ഫോണ്‍വിളികളുടെ വിശദാംശങ്ങള്‍ പരിശോധിച്ചു. ഒരു ഫലവുമുണ്ടായില്ല. ആലപ്പുഴ ബ്യൂറോയില്‍ നിന്ന് സമീപകാലത്ത് ചെയ്ത വാര്‍ത്തകളെ തുടര്‍ന്നുണ്ടായ പ്രതികാരത്തെക്കുറിച്ചാണ് അന്വേഷണം ഇപ്പോള്‍ പുരോഗമിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന വാര്‍ത്താ പരമ്പരയുമായി ബന്ധപ്പെട്ട് വേണ്ടത്ര ചോദ്യം ചെയ്യലുകളോ മൊഴിയെടുക്കലുകളോ നടക്കുന്നില്ലെന്നാണ് വിവരം.