തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്തെ സ്ഥലംമാറ്റ ഉത്തരവ് നടപ്പാക്കുന്നതിൽ നിന്ന് ഡിജിപി സെൻകുമാർ പിന്നോട്ട്. സ്ഥലംമാറിയെത്തിയ രണ്ട് ജൂനിയർ സൂപ്രണ്ടുമാർ മടങ്ങിപ്പോകാനും തത്സ്ഥിതി തുടരാനും ഡിജിപി നിർദ്ദേശിച്ചു.

സർക്കാരുമായി ഇനിയൊരു ഏറ്റുമുട്ടലിനില്ലെന്ന സൂചനയാണ് ഡിജിപി സെൻകുമാർ നൽകുന്നത്.നിയമപോരാട്ടത്തിന് ശേഷം പൊലീസ് മേധാവിസ്ഥാനത്തേക്ക് മടങ്ങിയെത്തിയ സെൻകുമാർ, പൊലീസ് ആസ്ഥാനത്തെ രണ്ട് ജൂനിയർ സൂപ്രണ്ടുമാരെ സ്ഥലംമാറ്റിയിരുന്നു. രഹസ്യാന്വേഷണ വിഭാഗമായ ടി ബ്രാഞ്ചിൽ നിന്ന് സ്ഥലംമാറ്റപ്പെട്ട ബീന, നടപടിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതിയും നൽകി. മുൻ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയോട് താത്പര്യമുളള ഉദ്യോഗസ്ഥരുടെ അറിവും അനുമതിയോടെയുമായിരുന്നു ഈ നീക്കം.ഇതോടെയാണ് പൊലീസ് ആസ്ഥാനത്തെ ചേരിപ്പോര് വിവാദമാകുന്നത്. സ്ഥലംമാറ്റപ്പെട്ടവർ പൊലീസ് ആസ്ഥാനം വിടാൻ തയ്യാറായതുമില്ല.

പകരമെത്തിയവർക്ക് കസേര കിട്ടാതായതോടെ തത്സ്ഥിതി തുടരാൻ സർക്കാർ നിർദ്ദേശിക്കുകയായിരുന്നു. ഇതോടെയാണ് ഉത്തരവ് ഉടൻ നടപ്പാക്കേണ്ടെന്നും സ്ഥലം മാറിവന്നവരോട് തിരികെ പോകണമെന്നും പൊലീസ് മേധാവി നിർദ്ദേശിച്ചത്. തന്റെ ഉത്തരവ് അനുസരിക്കാത്ത ബീനക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കമാത്രമാണ് പൊലീസ് മേധാവിക്ക് മുന്നിലുളള വഴി. എന്നാൽ ചുരുങ്ങിയ കാലയളവ് മാത്രമേയുളളു എന്നതിനാലും സർക്കാരിനോട് ഏറ്റുമുട്ടലിന് താൽപര്യമില്ല എന്നുമാണ് പൊലീസ് മേധാവിയുടെ നിലപാടെന്നറിയുന്നു.