അന്വേഷണ ഉദ്യോഗസ്ഥനായ സിഐ അവധിയില്‍

തിരുവനന്തപുരം:ഗണേഷ് കുമാര്‍ എംഎല്‍എക്കെതിരൊയ കേസ് ഒത്തുതീർപ്പാക്കാൻ സമയം നൽകി പൊലീസ്. കേസ് നടപടികൾ വൈകിപ്പിച്ച് ഗണേശ് കുമാറിന് സഹായം നല്‍കുകയാണ് പൊലീസ്. പരാതിക്കാരിയുടെ രഹസ്യമൊഴിയുടെ പകർപ്പ് കിട്ടിയിട്ടും ഇതുവരെയും കേസെടുത്തില്ല. രഹസ്യമൊഴിയുടെ പകര്‍പ്പിന് അപേക്ഷ നല്‍കിയത് നാലുദിവസം കഴിഞ്ഞാണ്. അന്നുതന്നെ അപേക്ഷ നല്‍കിയെന്ന പൊലീസ് വാദം തെറ്റെന്ന് തെളിയിക്കുന്ന വിവരാവകാശരേഖ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. അതേസമയം അന്വേഷണ ഉദ്യോഗസ്ഥനായ സിഐ അവധിയിലുമാണ്.

ഗണേഷ് കുമാര്‍ എംഎല്‍എക്കെതിരായ കേസ് ഒത്തുതീര്‍പ്പിലെത്തിക്കാന്‍ ബാലകൃഷ്ണപിള്ളയുടെ നേതൃത്വത്തില്‍ സമയവായര്‍ച്ച തുടങ്ങി. ഇതിനായി പ്രാദേശിക എന്‍എസ്എസ് നേതൃത്വവും ഉണ്ട്. വാഹനത്തിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എയെ പ്രതിക്കൂട്ടിലാക്കി ഇന്റലിജന്‍സ് റിപ്പോര്‍ട്ട് വന്നിരുന്നു. 

ഗണേഷ് കുമാറും പി.എ പ്രദീപും പരാതിക്കാരനായ അനന്തകൃഷ്ണനെ കൈയ്യേറ്റം ചെയ്തതായി സ്‌പെഷ്യല്‍ ബ്രാഞ്ച് കണ്ടെത്തിയിരുന്നു. പ്രദീപ് അനന്തകൃഷ്ണന്റെ തോളില്‍ അടിച്ചെന്നും കാറില്‍ നിന്ന് ഇറങ്ങിവന്ന ഗണേഷ് പിടിച്ച് തള്ളിയെന്നും അനന്തകൃഷ്ണന്റെ അമ്മയെ അസഭ്യം പറഞ്ഞുവെന്നും സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിലുണ്ട്.