മഹാരാജാസ് കൊലപാതകത്തിൽ മുഴുവൻ പ്രതികളെയും തിരിച്ചറിഞ്ഞു എട്ടു പ്രതികൾക്കായി വിമാനത്താവളങ്ങില്‍ ജാഗ്രതാ നിർദേശം
കൊച്ചി: മഹാരാജാസ് കോളജ് വിദ്യാർഥി അഭിമന്യുവിന്റെ കൊലപാതകക്കേസിലെ മുഴുവൻ പ്രതികളേയും പൊലീസ് തിരിച്ചറിഞ്ഞു. ഇവരിൽ ഒരാൾക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. എട്ടു പ്രതികൾക്കായി വിമാനത്താവളങ്ങില് ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്.
എസ് ഡി പി ഐ നേതാക്കളടക്കം 36 പേരുടെ കോൾ ഡേറ്റാ റിക്കാഡുകൾ പരിശോധിക്കുകയാണ് പൊലീസ്.15 അംഗ സംഘമാണ് സംഘർഷമുണ്ടാക്കി അഭിമന്യുവിനെ കൊലപ്പെടുത്തുകയും രണ്ടു പേരെ മാരകമായി പരിക്കേൽപ്പിക്കുകയും ചെയ്തതെന്ന് കണ്ടെത്തിയിരുന്നു. ഈ മുഴുവൻ പ്രതികളേയുമാണ് അന്വേഷണ സംഘം തിരിച്ചറിഞ്ഞത്. ഇവരില് ഭൂരിഭാഗവും കൊച്ചിയിലും പരിസരങ്ങളിലുമുള്ള എസ് ഡി പി ഐ പ്രവർത്തകരാണ്. എന്നാൽ ഇവരുടെ പേരുവിവരങ്ങൾ പൊലീസ് പുറത്തു വിട്ടിട്ടില്ല.
കൃത്യത്തിനു ശേഷം രക്ഷപ്പെടാൻ സഹായിച്ചവരെ ചോദ്യം ചെയ്തതിൽ നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്. 15 പ്രതികളിൽ എട്ടു പേർക്കായിട്ടാണ് ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചത്. ഇവരുടെ ചിത്രങ്ങളും പാസ്പോർട് നമ്പരുമടക്കം പ്രതികൾ രാജ്യം വിടാതിരിക്കാൻ വിമാനത്താവളങ്ങള്ക്ക് ജാഗ്രതാ നിർദേശം നല്കിയിട്ടുണ്ട്.
ഇതിനിടെ കരുതൽ തടങ്കലിലായ എസ്ഡിപിഐ എറണാകുളം ജില്ലാ പ്രസിഡന്റ്, ജനറൽ സെക്രട്ടറി, സെക്രട്ടറി അടക്കമുള്ളവരുടെ മൊബൈൽ ഫോൺ വിശദാംശങ്ങൾ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എന്നിവയെല്ലാം പൊലീസ് പരിശോധിക്കുകയാണ്. അഭിമന്യുവിന്റെ കൊലപാതകത്തിനു ശേഷം പ്രതികളെ രക്ഷപ്പൊൻ എസ് ഡിപി ഐ കേന്ദ്രങ്ങളിൽ എന്ന് ആസൂത്രിത നീക്കമുണ്ടായി എന്ന കണ്ടെത്തലിനെ തുടര്ന്നാണ് ഇത്.
