'2000 പേരെ നേരിടാൻ നാലോ അഞ്ചോ പൊലീസുകാരാണ് ഉണ്ടായിരുന്നത്' എത്ര യാചിച്ചിട്ടും അക്രമികൾ അടങ്ങിയില്ലെന്നും പൊലീസ്
ബിദര്‍: ആള്‍ക്കൂട്ടം ഗൂഗിള്‍ എഞ്ചിനീയറെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതിന്റെ കൂടുതല്‍ ദൃശ്യം പുറത്തുവന്നതോടെ വിശദീകരണവുമായി പൊലീസ് രംഗത്ത്. രണ്ടായിരത്തോളം പേര്‍ ചേര്‍ന്നാണ് മുഹമ്മദ് അസമിനെ ആക്രമിച്ചിരുന്നതെന്നും എത്ര യാചിച്ചിട്ടും അവര്‍ അക്രമം അവസാനിപ്പിക്കാന്‍ തയ്യാറായിരുന്നില്ലെന്നും പൊലീസ് വിശദീകരിച്ചു.
നേരത്തേ ഉത്തര്‍പ്രദേശിലെ ഹാപൂരില്‍ പശുക്കടത്ത് നടത്തിയെന്നാരോപിച്ച് ആള്‍ക്കൂട്ടം രണ്ട് പേരെ അക്രമിക്കുന്ന ദൃശ്യം പുറത്തുവന്നപ്പോള്‍ പൊലീസുകാര്‍ നിസ്സംഗരായി അക്രമം നോക്കിനില്‍ക്കുകയായിരുന്നുവെന്ന് ആരോപണമുയര്‍ന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ബിദറിലെ ആക്രമണത്തില്‍ വിശദീകരണവുമായി പൊലീസ് എത്തിയിരിക്കുന്നത്.
സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അടങ്ങിയ പൊലീസുകാരുടെ സംഘം വിവരമറിഞ്ഞ് പതിനഞ്ച് നിമിഷങ്ങള്‍ക്കകം സംഭവസ്ഥലത്തെത്തിയിരുന്നുവെന്നും 2000 പേരെ നേരിടാന്‍ നാലോ അഞ്ചോ പൊലീസുകാരെക്കൊണ്ട് കഴിയില്ലെന്നും അവര്‍ അറിയിച്ചു.
'മനഃപ്പൂര്‍വ്വം ആക്രമിക്കാന്‍ തന്നെ തീരുമാനിച്ചെത്തിയതായിരുന്നു ആ വലിയ സംഘം. അവര്‍ അസമിന്റെ കാറിന് നേരെ കല്ലുകളെറിയുന്നുണ്ടായിരുന്നു. അസമിന്റെ രണ്ട് സുഹൃത്തുക്കളും സുരക്ഷിതരായിരുന്നു. എന്നാല്‍ അസമിനെ രക്ഷപ്പെടുത്താനായില്ല'- പൊലീസുദ്യോഗസ്ഥനായ സാഗര്‍ പറയുന്നു. ഗ്രാമത്തിലുള്ളവര്‍ തന്നെ പലരും ആക്രമണം നടത്തുന്ന വലിയ സംഘത്തെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിരുന്നതായി ദൃക്‌സാക്ഷികളും പറഞ്ഞു.
ഗൂഗിള്‍ എഞ്ചിനീയറായ അസം സുഹൃത്തുക്കള്‍ക്കൊപ്പം മറ്റൊരു സുഹൃത്തിനെ കാണാനാണ് കര്‍ണാടകയിലെത്തിയത്. ബിദറില്‍ വച്ച് വഴിയരികില്‍ കാര്‍ നിര്‍ത്തിയിട്ട് വിശ്രമിക്കവേ ഏതാനും പേര്‍ ചേര്‍ന്ന് ഇവരെ ചോദ്യം ചെയ്യുകയും ബലമായി കാര്‍ പരിശോധിക്കുകയുമായിരുന്നു.
സുഹൃത്തിന്റെ കുട്ടികള്‍ക്ക് നല്‍കാനായി കാറില്‍ കരുതിയിരുന്ന മിഠായിപ്പൊതികള്‍ കണ്ടതോടെ സംഘം മൂവരേയും കയ്യേറ്റം ചെയ്തു. ഓടി രക്ഷപ്പെടാന്‍ ശ്രമിക്കവേ അസം മാത്രം വലിയൊരു ജനക്കൂട്ടത്തിന് നടുവില്‍ പെടുകയായിരുന്നു.
