രണ്ടാഴ്ച്ചയ്‌ക്കിടെ കരുവാറ്റയില്‍ നടന്ന രണ്ടാമത്തെ കൊലപാതകത്തിലെ പ്രതികളെ കണ്ടെത്താന്‍ ശാസ്‌ത്രീയ തെളിവുകളാണ് പൊലീസ് പരിശോധിക്കുന്നത്. പട്ടാപ്പകല്‍ നടത്തിയ കൊലപാതകമായതു കൊണ്ടു തന്നെ വ്യക്തമായ ആസൂത്രണത്തോടെയായിരുന്നു ആക്രമണമെന്നാണ് പൊലീസിന്റെ നിഗമനം. അക്രമിസംഘത്തില്‍ നിന്ന് രക്ഷപെടാന്‍ ജിഷ്ണു അരക്കിലോമീറ്റര്‍ ഓടുകയും മറ്റൊരു വീട്ടില്‍ അഭയം തേടുകയും ചെയ്തു. വീടിന്റെ വാതില്‍ തകര്‍ത്ത സംഘം ജിഷ്ണുവിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഒന്‍പതംഗസംഘമാണ് ആക്രമണത്തിനു പിന്നിലെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇതില്‍ ഏഴുപേര്‍ മുഖംമൂടി ധരിച്ചിരുന്നുവെന്നാണ് ദൃക്‌സാക്ഷികളില്‍ നിന്ന് ലഭിക്കുന്ന വിവരം. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കിന്റെ നമ്പറുകളും മൊബൈല്‍ ഫോണ്‍ വിളികളും അന്വേഷണത്തിന്റെ ഭാഗമാണ്. കൊച്ചിയില്‍ നിന്നുള്ള ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ക്കും ആക്രമണത്തില്‍ പങ്കുണ്ടെന്നാണ് പൊലീസ് നിഗമനം. ജിഷ്ണുവിന്റെ സഹോദരന്‍ വിഷ്ണു കൈയ്ക്ക് വെട്ടേറ്റ് ആശുപത്രിയിലുള്ള സ്വരാജ് ജിഷ്ണു ഓടിക്കയറിയ വീട്ടിലെ താമസക്കാര്‍ എന്നിവരില്‍ നിന്നും പൊലീസ് മൊഴിയെടുത്തു. ബൈക്കിലെത്തി കൊല നടത്തിയതിനാല്‍ പ്രാദേശിക സഹായം സംഘത്തിന് ലഭിച്ചിട്ടുണ്ടെന്ന് വിലയിരുത്തപ്പെടുന്നു. കഴിഞ്ഞയാഴ്ച നടന്ന കരുവാറ്റ സ്വദേശി ഉല്ലാസിന്റെ കൊലപാതകവുമായി ഈ സംഭവത്തിന് ബന്ധമുണ്ടാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് പൊലീസ്. കൊലപാതകത്തില്‍ പങ്കുണ്ടെന്ന സംശയത്തില്‍ ചോദ്യം ചെയ്യുന്നതിനു വേണ്ടിയാണ് കന്നുകാലിപ്പാലം സ്വദേശികളായ നാലുപേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.
അതേസമയം കൃത്യ നിര്‍വഹണത്തില്‍ വീഴ്ച്ച വരുത്തിയതിന് ഹരിപ്പാട് സി.ഐ ബിനു ശ്രീധറിനെ കൊച്ചി റേഞ്ച് ഐ.ജി സസ്‌പെന്‍ഡ് ചെയ്തു. ഐ.ജി അടക്കമുള്ളവര്‍ സ്ഥലത്ത് എത്തിയിട്ടും ആക്രമണം നടന്ന സ്ഥലത്ത് വരാനോ കേസ് അന്വേഷണം നടത്താനോ ഹരിപ്പാട് സി.ഐ തയാറായിരുന്നില്ല. ഇതാണ് സസ്‌പെന്‍ഷന് കാരണം.
