ലണ്ടന്‍: സിനിമാ കഥകള്‍ മാറി നില്‍ക്കണം ഇറ്റലിയില്‍ നടന്ന ഒരു സംഭവകഥയ്ക്കു മുന്നില്‍. അറിയപ്പെടുന്ന ബ്രിട്ടിഷ് മോഡല്‍ ക്ലു എയിലിങ് എന്ന ഇരുപതുകാരിയെ ഇറ്റലിയില്‍ തട്ടിക്കൊണ്ടു പോയതോടു കൂടിയാണ് ഈ കഥ ആരംഭിക്കുന്നത്. രണ്ടു വയസ് പ്രായമുള്ള ഒരു കുട്ടിയുടെ അമ്മയാണ് ക്ലു. ഫോട്ടോ ഷൂട്ട് ഉണ്ടെന്ന് അറിയിച്ച് എത്തിയപ്പോള്‍ മയക്കി കാറിന്റെ പിന്‍ഭാഗത്ത് കയറ്റിക്കൊണ്ടു പോയി എന്നാണ് ക്ലൂ എയിലങ് ഇറ്റാലിയന്‍ പൊലീസിനോട് പറഞ്ഞത്. 

വിജനമായ സ്ഥലത്തെ ഒരു ഫാം ഹൗസിലേക്കായിരുന്നു കൊണ്ടു പോയത്. മോഡലിങ് ഏജന്‍സി 27,0000 പൗണ്ട് നല്‍കിയില്ലെങ്കില്‍ ഓണ്‍ലൈന്‍ സെക്‌സ് ഏജന്‍സിക്ക് വില്‍ക്കുമെന്നായിരുന്നു അക്രമികളുടെ ഭീഷണി. ആറു ദിവസത്തിന് ശേഷം മോഡല്‍ ഏജന്‍സി പണം കൈമാറിയതോടെ ക്ലൂവിനെ അക്രമികള്‍ വിട്ടയക്കുകയും ചെയ്തു. 

എന്നാല്‍ തിരിച്ചെത്തിയ മോഡല്‍ ക്ലൂവിന്റെ വാക്കുകള്‍ വീണ്ടും കൗതുകം നിറയക്കുന്നതായിരുന്നു. താന്‍ തടങ്കലിലാക്കപ്പെട്ട ആറു ദിവസവും തട്ടിക്കൊണ്ടു പോയ ആളുടെ കൂടെ ഒരേ കിടക്കയിലാണ് കിടന്നതെന്നും എന്നാല്‍, ഒരിക്കല്‍ പോലും അയാള്‍ തന്നെ പീഡിപ്പിക്കാനോ ഏതെങ്കിലും തരത്തിലുള്ള ലൈംഗിക ആവശ്യങ്ങള്‍ക്ക് നിര്‍ബന്ധിക്കുകയോ ചെയ്തിട്ടില്ലെന്ന് ക്ലൂ എയിലിങ് വെളിപ്പെടുത്തി.

തട്ടിക്കൊണ്ടു പോയ സമയത്ത് തന്റെ വാമൂടിക്കെട്ടുകയും കെട്ടിയിടുകയും ചെയ്തതല്ലാതെ യാതൊരു തരത്തിലും തന്നെ അവര്‍ ഉപദ്രവിച്ചിട്ടില്ലെന്ന് എയിലിങ് പറയുന്നു. രണ്ടാം ദിവസം തന്നെ കെട്ടുകള്‍ അഴിച്ചുമാറ്റിയിരുന്നു. താന്‍ രക്ഷപ്പെടാന്‍ ശ്രമിച്ചിട്ടില്ല. ശ്രമിച്ചിട്ടും കാര്യമില്ലായിരുന്നു. അവര്‍ തന്നെ വില്‍ക്കാന്‍ ഉദ്ദേശിച്ച ' ബ്ലാക്ക് ഡെത്ത്', കിഡ്‌നാപ്പ് ചെയ്ത യുവതികളെ യാതൊരു തരത്തിലും ഉപയോഗിക്കരുതെന്ന് നിര്‍ദ്ദേശം നല്‍കിയതായാണ് അവരില്‍ നിന്ന് മനസിലായതെന്നും എയിലിങ് ഇറ്റാലിയന്‍ പൊലീസിന് മൊഴി നല്‍കി.

ഇത്രയും കഥകള്‍ പുറത്തുവരുമ്പോഴും സംഭവത്തിന്റെ സത്യം തേടുകയാണ് പൊലീസ്. സംഭവത്തില്‍ പ്രധാനമായും സംശയിക്കപ്പെടുന്ന ലുക്കാസ് ഹെര്‍ബ എന്ന പോളണ്ടുകാരനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാള്‍ നേരത്തെ എയിങിന്റെ സഹപ്രവര്‍ത്തകനായിരുന്നു. എയിലിങ് പറഞ്ഞ മുഴുവന്‍ കഥയും വിശ്വസിക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല. ലൂക്കാസ് ഹെര്‍ബയും എയിലിങും നടത്തിയ ഗൂഢാലോചനയുടെ ബാക്കിയാണോ തട്ടിക്കൊണ്ടുപോകല്‍ എന്നും പോലീസ് സംശയിക്കുന്നുണ്ട്. 

സംഭവം നടന്നയുടന്‍ തട്ടിക്കൊണ്ടു പോകലിന് പിന്നില്‍ റഷ്യന്‍ അക്രമികളാണെന്ന തരത്തില്‍ ബ്രിട്ടിഷ് ടാബ്ലോയിഡ് പത്രത്തിന് വാര്‍ത്ത നല്‍കാന്‍ ലുക്കാസ് ശ്രമിച്ചതായും കണ്ടെത്തിയിട്ടുണ്ട്. എയിലിങിനെ തട്ടിക്കൊണ്ടുപോയി പണം തട്ടാന്‍ നടന്ന ശ്രമമാണോ എന്നാണ് പോലീസ് സംശയിക്കുന്നത്. നേരത്തെ അന്വഷണവുമായി സഹകരിച്ചിരുന്ന എയിലിങ് ഇപ്പോള്‍ ആ താല്‍പര്യം കാണിക്കാത്തതും സംശയത്തിന് ബലം നല്‍കുന്നുണ്ട്.

യഥാര്‍ത്ഥത്തില്‍ നടന്ന കിഡ്‌നാപ്പിങ് എന്ന രീതിയില്‍ തന്നെയാണ് അന്വേഷണം നടക്കുന്നതെങ്കിലും എയിലിങ് നല്‍കിയ മൊഴി പ്രകാരമുള്ള ആളുകളെ കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. സംഭവത്തിന്റെ പിന്നില്‍ ലുക്കാസ് തന്നെയാണെന്ന് പറയുമ്പോഴും തട്ടിക്കൊണ്ടു പോയവരിലുള്ളവരില്‍ ഇയാളെ കണ്ടിട്ടില്ലെന്നാണ് എയിലിങ് പറയുന്നത്. ഇത്തരത്തില്‍ എയിലിങിനെയും ലുക്കാസിനെയും ചോദ്യം ചെയ്താല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നും അതുവഴി സംഭവത്തിന്റെ ചുരുളഴിക്കാന്‍ സാധിക്കുമെന്നുമുള്ള പ്രതീക്ഷയിലാണ് പൊലീസിപ്പോള്‍.