ശ്രീയെന്ന ആളെക്കുറിച്ച് നേരത്തെ സൗമ്യയുടെ ആത്മഹത്യാ കുറിപ്പിൽ പരാമർശമുണ്ടായിരുന്നു.
കണ്ണൂര്‍: പിണറായി കൂട്ടക്കൊലക്കേസ് പ്രതിയായിരുന്ന സൗമ്യ ജയിലിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രാഥമികാന്വേഷണത്തിനായി ഉത്തരമേഖലാ ജയിൽ ഡിഐജി കണ്ണൂർ വനിതാ ജയിലിലെത്തി. ജീവനക്കാരിൽ നിന്നും ജയിൽ അധികൃതരിൽ നിന്നും വിവരങ്ങൾ ശേഖരിക്കാനാണ് സന്ദർശനം.
അതേസമയം ജയിലിൽ വെച്ച് സൗമ്യയെഴുതിയ കുറിപ്പുകൾ പൊലീസ് പരിശോധിക്കുകയാണ്. സൗമ്യയുമായി ബന്ധമുണ്ടായിരുന്നവരുടെ വിവരങ്ങൾ കുറിപ്പിലുണ്ടെന്നാണ് വിവരം. ശ്രീയെന്ന ആളെക്കുറിച്ച് നേരത്തെ സൗമ്യയുടെ ആത്മഹത്യാ കുറിപ്പിൽ പരാമർശമുണ്ടായിരുന്നു. ഇതാരാണെന്ന് തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസിപ്പോള്‍. താൻ ആരെയും കൊന്നിട്ടില്ലെന്നും, ഇത് തെളിയിക്കാൻ തനിക്ക് കഴിയുമെന്ന വിശ്വാസവും ഡയറിയിൽ സൗമ്യ കുറിച്ചിട്ടുണ്ട്.
വീട്ടിലുണ്ടായ മരണങ്ങളിൽ കുറ്റക്കാരിയാക്കി തന്നെ ഒറ്റപ്പെടുത്തിയതും, വ്യക്തിപരമായ ഏതാനും രചനകളുമാണ് കുറിപ്പിന്റെ ഉള്ളടക്കം. മരണത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം അന്വേഷണം തുടങ്ങാനാണ് പൊലീസ് തീരുമാനം. നിലവിൽ ദുരൂഹതകളില്ലെന്നാണ് നിഗമനം.
