തിരുവനന്തപുരം: പൊലീസ് എന്നും ജിഷ്ണു പ്രണോയിയുടെ കുടുംബത്തോടൊപ്പമാണെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. കേസില്‍ ഒളിവില്‍ പോയ പ്രതികളെ കണ്ടെത്താന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഇന്ന് രാവിലെ സമരത്തിനായി എത്തിയ ജിഷ്ണുവിന്റെ ബന്ധുക്കളുമായി താന്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും എന്നാല്‍ സുരക്ഷാ മേഖലയില്‍ സമരം അനുവദിക്കില്ലെന്നും അറിയിച്ചിരുന്നു. ബന്ധുക്കളുടെ ഇടയിലേക്ക് ചിലര്‍ നുഴഞ്ഞുകയറി സംഘര്‍ഷം സൃഷ്ടിക്കുകയായിരുന്നു. തുടര്‍ന്ന് നിലത്ത് വീണ മഹിജയെ പൊലീസ് നീക്കം ചെയ്യുക മാത്രമാണ് ചെയ്തത്. മഹിജയെയും ബന്ധുക്കളെയും ആശുപത്രിയില്‍ എത്തിച്ചതും പൊലീസ് തന്നെയാണ്. സംഘര്‍ഷം സൃഷ്ടിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും പൊലീസ് ആസ്ഥാനത്ത് നിന്ന് പുറത്തിറക്കിയ ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.