മുന്‍ സൈനികനായ മൈക്ക സേവ്യര്‍ ജോണ്‍സണ്‍ എന്നയാളാണ് ഡാലസില്‍ പൊലീസുകാര്‍ക്കുനേരെ നിറയൊഴിച്ചത്. മിനസോട്ടയില്‍ കഴിഞ്ഞ ദിവസം ഒരു കറുത്തവര്‍ഗ്ഗക്കാരന്‍ കാറിനുള്ളില്‍ പൊലീസിന്‍റെ വെടിയേറ്റ് മരിച്ചിരുന്നു. ലൂസിയാനയില്‍ മറ്റൊരു കറുത്തവര്‍ഗ്ഗക്കാരനും വംശീയവെറിക്ക് ഇരയായി മരിച്ചു. ഈ സംഭവങ്ങളില്‍ പ്രതിഷേധിച്ചായിരുന്നു ഡാലസിലെ പ്രതിഷേധ മാര്‍ച്ച്. സമാധാനപരമായി പുരോഗമിച്ച മാര്‍ച്ചിനിടെ കെട്ടിടങ്ങള്‍ക്ക് മുകളില്‍ സ്ഥാപിച്ച ഓട്ടോമാറ്റിക് ടെലസ്കോപിക് തോക്കുകളില്‍ നിന്നുള്ള വെടിയേറ്റാണ് അഞ്ച് പൊലീസുകാര്‍ മരിച്ചത്. ഏഴ് പൊലീസുകാര്‍ക്കും രണ്ട് സിവിലിയന്‍മാര്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അക്രമികളെന്ന് കരുതുന്ന മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. നാലാമനായ മൈക്ക സേവ്യര്‍ ജോണ്‍സണ്‍ ആക്രമണം നടന്ന സ്ഥലത്തെ ഒരു പാര്‍ക്കിംഗ് ലോട്ടില്‍ ഒളിക്കുകയായിരുന്നു. 

നിരവധി ബോബുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും വെള്ളക്കാരെ കൊന്നൊടുക്കുമെന്നും ഇയാള്‍ ഭീഷണി മുഴക്കി. കീഴടങ്ങാന്‍ കൂട്ടാക്കാതെ കറുത്തവരുടെ ജീവന് വിലയുണ്ടെന്നും പ്രതികാരം തുടരുമെന്നും മൈക്ക സേവ്യര്‍ പറഞ്ഞു. തുടര്‍ന്ന് റോബോട്ട് ബോംബ് ഉപയോഗിച്ച് അക്രമിയെ വധിക്കേണ്ടിവന്നുവെന്ന് ഡാലസ് പൊലീസ് മേധാവി ‍ഡേവിഡ് ബ്രൗണ്‍ പറഞ്ഞു. അഫ്ഗാന്‍ അധിനിവേശകാലത്ത് അഫ്ഗാനിസ്ഥാനില്‍ അമേരിക്കക്കുവേണ്ടി സേവനമനുഷ്‌ടിച്ച സൈനികനായിരുന്നു മൈക്ക സേവ്യര്‍. പിന്നീട് ഇയാളുടെ വീട്ടില്‍ നടത്തിയ തെരച്ചിലില്‍ ബോബ് നിര്‍മ്മിക്കാനുള്ള ഉപകരണങ്ങള്‍ കണ്ടെടുത്തു. മൈക്ക സേവ്യര്‍ക്ക് ഏതെങ്കിലും തീവ്രവാദി സംഘവുമായി ബന്ധമില്ലെന്ന് രഹസ്യാന്വേഷണവിഭാഗം സ്ഥിരീകരിച്ചു. 

ഡാലസ് ആക്രമണത്തെത്തുടര്‍ന്ന് അമേരിക്കന്‍ പാര്‍ലമെന്‍റ് മന്ദിരമായ ക്യാപിറ്റോള്‍ അടിയന്തരമായി ഒഴിപ്പിച്ചു. ഒരു മണിക്കൂര്‍ നീണ്ട സുരക്ഷാ പരിശോധനകള്‍ക്ക് ശേഷമാണ് പാര്‍ലമെന്‍റ് മന്ദിരത്തിലേക്ക് ഉദ്യോഗസ്ഥരെ തിരികെ പ്രവേശിക്കാന്‍ അനുവദിച്ചത്. വാഴ്‌സോയില്‍ നാറ്റോ ഉച്ചകോടിയില്‍ പങ്കെടുക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ പ്രതികരണം ഡാലസിലെ ആക്രമണം വെറുക്കപ്പെടേണ്ടതാണെന്നായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. അറസ്റ്റിലായ മൂന്ന് പേര്‍ ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്നാണ് വിവരം.