Asianet News MalayalamAsianet News Malayalam

ആശുപത്രിയിലെ പ്രസവ മുറിയിൽ പർദ്ദ ധരിച്ച് കയറിയ പൊലീസുകാരൻ അറസ്റ്റിൽ

കഴിഞ്ഞമാസം 28നാണ് ഇയാൾ തൊടുപുഴയിൽ സ്വകാര്യ ആശുപത്രിയിലെ പ്രസവ മുറിയിൽ പർദ്ദ ധരിച്ച് കയറിയത്. വിവിധ
രോഗികളുടെ അടുത്തെത്തി സുഖവിവരം അന്വേഷിച്ച പർദ്ദാ ധാരി പുരുഷനാണെന്ന് കൂട്ടിരിപ്പുകാരായ സ്ത്രീകൾ
തിരിച്ചറിയുകയായിരുന്നു

police man arrested for entering labour room with pardha
Author
Idukki, First Published Oct 4, 2018, 12:13 AM IST

തൊടുപുഴ: തൊടുപുഴയിൽ സ്വകാര്യ ആശുപത്രിയിലെ പ്രസവ മുറിയിൽ പർദ്ദ ധരിച്ച് കയറിയ പൊലീസുകാരൻ അറസ്റ്റിൽ.
സംഭവത്തെ തുടർന്ന് ഒളിവിൽ പോയിരുന്ന കുളമാവ് സ്റ്റേഷനിലെ നൂർ സമീർ ഇന്ന് തൊടുപുഴ സ്റ്റേഷനിലെത്തി കീഴടങ്ങി. ഇടുക്കി
കുളമാവ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസറായിരുന്നു അറസ്റ്റിലായ നൂർസമീർ.

കഴിഞ്ഞമാസം 28നാണ് ഇയാൾ തൊടുപുഴയിൽ സ്വകാര്യ ആശുപത്രിയിലെ പ്രസവ മുറിയിൽ പർദ്ദ ധരിച്ച് കയറിയത്. വിവിധ
രോഗികളുടെ അടുത്തെത്തി സുഖവിവരം അന്വേഷിച്ച പർദ്ദാ ധാരി പുരുഷനാണെന്ന് കൂട്ടിരിപ്പുകാരായ സ്ത്രീകൾ
തിരിച്ചറിയുകയായിരുന്നു. അവർ ബഹളം വച്ചതോടെ സുരക്ഷ ജീവനക്കാർ തടഞ്ഞ് നിർത്തി മുഖാവരണം മാറ്റിയപ്പോൾ
പൊലീസുകാരനെന്ന് പറഞ്ഞാണിയാൾ കുതറിയോടി രക്ഷപെട്ടത്.

ഒളിവിൽ പോയ ഇയാൾക്കെതിരെ ആൾമാറാട്ടത്തിനും ഒളിഞ്ഞ് നോട്ടത്തിനും പോലീസ് കേസെടുത്തു. പിന്നാലെ ജില്ലാ പോലീസ്
മേധാവി സർവ്വീസിൽ നിന്ന് സസ്പെൻഡും ചെയ്തിരുന്നു. നൂർ സമീർ പർദ്ദ ധരിച്ച് ആശുപത്രിയെലെത്തിയതും രക്ഷപെട്ടതും ഒരു
പിക്കപ്പ് വാഹനത്തിലാണ്. വാഹനം ഓടിച്ചിരുന്ന ബിലാലിനെ കേസിൽ രണ്ടാം പ്രതിയാക്കിയിട്ടുണ്ട്. വാഹനം കണ്ടെത്തി
പോലീസ് പിടികൂടിയതിനു പിന്നാലെയാണ് നൂർ സമീറിന്ടെ കീഴടങ്ങൽ.

കഴിഞ്ഞ വര്‍ഷം പാലക്കാട് വച്ച് കഞ്ചാവ് കേസിലെ പ്രതിയെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ ഇയാൾ
അറസ്റ്റിലാവുകയും ജയിലിൽ കിടക്കുകയും ചെയ്തിരുന്നു. അന്നത്തെ സസ്പെൻഷൻ കഴിഞ്ഞ് ഏതാനും മാസം മുമ്പാണ് നൂർ സമീർ
ജോലിയില്‍ തിരിച്ച് കയറിയത്. പുതിയ കേസു കൂടിയായതോടെ ഇയാളെ പിരിച്ചുവിടാനുളള വകുപ്പ് തല നടപടിയ്ക്ക് പൊലീസ്
ഒരുങ്ങുന്നതായാണ് സൂചന.

Follow Us:
Download App:
  • android
  • ios