കൊച്ചി: പെരുമ്പാവൂരിലെ ജിഷ വധക്കേസ് പ്രതി അമിറുള്‍ ഇസ്ലാമിനെ നുണ പരിശോധന നടത്താന്‍ അന്വേഷണസംഘം ആലോചിക്കുന്നു. ചോദ്യം ചെയ്യലിനിടെ ഇയാള്‍ തുടര്‍ച്ചയായി മൊഴി മാറ്റുന്ന സാഹചര്യത്തിലാണിത്. ഉന്നത പൊലീസുദ്യോഗസ്ഥര്‍ ആറുദിവസം ചോദ്യം ചെയ്തിട്ടും കൃത്യം നടത്തിയ ആയുധം പോലും കണ്ടെത്താന്‍ ഇതേവരെ കഴിഞ്ഞിട്ടില്ല.

കൂടുതല്‍ ശാസത്രീയ മാര്‍ഗങ്ങളിലൂടെ ജിഷ വധക്കേസ് പ്രതിക്കെതിരായ തെളിവുകള്‍ ശക്തമാക്കുമെന്നാണ് കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയ ഡി ജി പി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞത്. അന്വേഷണസംഘവുമായി നടത്തിയ കൂടിയാലോചനയിലാണ് പ്രതിക്ക് നുണപരിശോധന നടത്തുന്നത് പരിഗണിക്കുന്നത്. പോളിഗ്രാഫ് ടെസ്റ്റ് നടത്താനാണ് ആലോചന. കൃത്യം നടത്തിയതിന്റെ യഥാര്‍ഥ കാരണം, ആയുധം എവിടെയൊളിപ്പിച്ചു എന്നീ കാര്യങ്ങളിലൊന്നും വ്യക്തമായ മൊഴി പ്രതി നല്‍കുന്നില്ല. പരസ്‌പര വിരുദ്ധമായ മൊഴി അന്വേഷണസംഘത്തെ വലയ്‌ക്കുന്നുണ്ട്. ചോദ്യം ചെയ്യലിന്റെ പല ഘട്ടങ്ങളിലും അമിറുള്‍ ഇസ്ലാം നിര്‍വികരമായാണ് പെരുമാറുന്നതും. നുണപരിശോധനാ ഫലം കോടതിയില്‍ തെളിവായി കണക്കാക്കില്ലെങ്കിലും യഥാര്‍ഥ തെളിവുകളിലേക്കെത്തുന്നതിനുളള വഴിയായി ഉപയോഗിക്കാമെന്നാണ് കണക്കുകൂട്ടല്‍. ഇക്കാര്യത്തില്‍ കോടതിയുടെ അനുമതിയും തേടണം. ആയുധം പോലും കിട്ടാത്ത സാഹചര്യത്തില്‍ ഡി എന്‍ എ ഫലത്തെ മാത്രം തെളിവായി ആശ്രയിച്ച് വിചാരണാഘട്ടത്തിലേക്ക് പോകാനാകുമോ എന്ന സംശയവും ഉന്നത പൊലീസുദ്യോഗസ്ഥര്‍ക്കിടയിലുണ്ട്.