കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പോലീസ് കോടതിയെ സമീപിക്കും. ഡിജിപി ലോക് നാഥ് ബഹ്റയും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. ദുബായിലേക്ക് പോകാൻ പാസ്പോർട്ട് വിട്ടനൽകണമെന്ന ദിലീപിന്‍റെ ഹർജി ഹൈക്കോടതി കർശന ഉപാധികളോടെ അംഗീകരിച്ചു.
തന്‍റെ ഉടമസ്ഥതയിലുള്ള റസ്റ്റോറന്‍റിന്‍റെ ഉദ്ഘാടനത്തിനായി ദുബായിലേക്ക് പോകാൻ പാസ്പോർട്ട് വിട്ടു നൽകണമെന്ന ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹർജിയെ എതിർത്ത പ്രോസിക്യൂഷൻ ജാമ്യത്തിലിറങ്ങിയ ദിലീപ് കേസിലെ സുപ്രധാന സാക്ഷികളായ മൂന്ന് പേരെ സ്വാധീനിച്ചു കഴിഞ്ഞെന്നും കോടതിയെ അറിയിച്ചത്.
ഈ ഘട്ടത്തിലാണ് ഹൈക്കോടതി സാക്ഷികളെ സ്വാദീനിച്ചെങ്കിൽ അത് ഗൗരവമേറിയ കുറ്റമാണെന്നും ജാമ്യം റദ്ദാക്കാൻ പ്രോസിക്യൂഷന് അങ്കമാലി മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാമെന്നും അറിയിച്ചത്. എന്നാല്‍ ഏഴ് ദിവസത്തേക്ക് ദുബായിലേക്ക് പോകാൻ ഹൈക്കോടതി അനുവദിച്ചു. കോടതി ഉത്തരവിന് പിറകെ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനുമായി കൊച്ചിയിലുണ്ടായിരുന്നു ഡിജിപി ലോക് നാഥ് ബെഹ്റ കൂടി കാഴ്ച നടത്തി. ജാമ്യം റദ്ദാക്കണമെന്ന ഹർജിയുമായി ഉടൻ കീഴ് കോടതിയെ സമീപിക്കും.
ദുബായ് യാത്രക്കായി ഏഴ് ദിവസമാണ് ദിലീപിന് പാസ് പോർട്ട് വിട്ടു നൽകുന്നത്. അങ്കമാലി മജിസ്‌ട്രേറ്റിന് മുന്നില്‍ യാത്രയുടെ വിശദാംശങ്ങള്‍ കൃത്യമായി അറിയിക്കണം. യാത്രയ്ക്ക് ശേഷം വിസാ രേഖകള്‍, സന്ദര്‍ശന വിശദാംശങ്ങള്‍ തുടങ്ങിയവ വ്യക്തമാക്കുന്ന സത്യവാങ്മൂലം നല്‍കണം. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്നും ഹൈക്കോടതിയുടെ ഉത്തരവില്‍ പറയുന്നു.
ജാമ്യം നല്‍കുമ്പോള്‍ ഹൈക്കോടതി വച്ച മറ്റ് നിബന്ധനകള്‍ തുടരും. അതേസമയം നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി സുനിൽ കുമാറിന്‍റെ റിമാന്ഡ് അങ്കമാലി മജിസ്ട്രേറ്റ് കോടതി അടുത്തമാസം അഞ്ച്വരെ നീട്ടി. കേസിൽ ദിലീപ് അടക്കമുള്ള 11 പ്രതികളുടെ കുറ്റപത്രം നാളെ കോടതിയിൽ സമർപ്പിക്കും. എട്ടാം പ്രതിയാണ് കേസിൽ ദീലീപ്.
