ജനുവരി 13ന് വാളയാറിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കൃതികയെന്ന 13 വയസുകാരിയെ കണ്ടെത്തിയപ്പോള്‍, മരണത്തില്‍ ദുരൂഹതയുണ്ടെന്നും കുട്ടി പീഡനത്തിനിരയായിട്ടുണ്ടെന്നും ഉള്ള അമ്മയുടെ മൊഴി അവഗണിച്ചാണ് അസ്വാഭാവിക മരണത്തിന് മാത്രമായി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതത്. കുട്ടി ക്രൂരമായ ബലാല്‍സംഗത്തിന് വിധേയയായിട്ടുണ്ടെന്ന് സൂചിപ്പിക്കുന്ന, കൂടുതല്‍ പരിശോധന വേണമെന്ന് ആവശ്യപ്പെടുന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും പൊലീസ് അവഗണിച്ചു. കുട്ടിയുടെ മരണം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയില്‍ അറിയിച്ചില്ല. സബ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റെ സാന്നിദ്ധ്യത്തില്‍ ആയിരുന്നു ഇന്‍ക്വസ്റ്റും പോസ്റ്റ്മോര്‍ട്ടവും ചെയ്യേണ്ടിയിരുന്നത്. ഫോറന്‍സിക് പരിശോധനയും നടത്തേണ്ടതായിരുന്നു. നിയമപ്രകാരം വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കേണ്ടിയിരുന്നത്. എന്നാല്‍ ഇതൊന്നും കൃതികയുടെ കേസില്‍ നടന്നിട്ടില്ല. 

പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടറുടെ മൊഴിയെ അടിസ്ഥാനപ്പെടുത്തി അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയില്‍ നല്‍കിയ മൊഴിയിലും ബലാല്‍സംഗം നടന്നതായി പറയുന്നു. എന്നാല്‍ ഇതേക്കുറിച്ചൊന്നും പൊലീസ് പിന്നീട് അന്വേഷണം നടത്തിയില്ല. പ്രതിയെന്ന് സംശയിച്ച ഒരാളെ ചോദ്യം ചെയ്ത് വിട്ടയക്കുക മാത്രമാണ് മരണം നടന്ന് 50 ദിവസം പിന്നിട്ടിട്ടും പൊലീസ് ചെയ്തത്. പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ ഗുരുതര കൃത്യവിലോപം കാരണമാണ് ക്രൂരമായി ബലാല്‍സംഗം ചെയ്യപ്പെട്ട ഒരു പെണ്‍കുട്ടിയുടെ മരണം വെറും അസ്വാഭാവിക മരണം മാത്രമായി ഒതുങ്ങിയത്. കൃതികയുടെ സഹോദരി ശരണ്യയുടെ മരണം സംഭവിക്കുമ്പോള്‍ മാത്രമാണ് രണ്ട് കുട്ടികളുടെയും മരണത്തിലെ ദുരൂഹത ചോദ്യം ചെയ്യപ്പെടുന്നത്. പൊലീസിന് അന്വേഷണത്തില്‍ വീഴ്ച സംഭവിച്ചെന്ന് ഐ.ജിയും നിയമസഭയില്‍ മുഖ്യമന്ത്രിയും സമ്മതിച്ചിട്ടുമുണ്ട്. തുടര്‍ന്നാണ് ഇന്ന് ഉച്ചക്ക് അന്വേഷണ ഉദ്ദ്യോഗസ്ഥനെ മാറ്റിയത്. കേസ് അട്ടിമറിക്കാന്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായെന്ന ആരോപണമാണ് ആണ് ഇപ്പോള്‍ ഉയരുന്നത്. കുട്ടികളുടെ മരണത്തിന് ഉത്തരവാദികളായവരെ കണ്ടെത്തുന്നതിനൊപ്പം ഇതും അന്വേഷണ വിധേയമാക്കേണ്ടിവരും.