പറവൂർ: എറണാകുളം വടക്കൻപറവൂരിൽ മധ്യവയസ്കനെ നടുറോഡിൽ വെച്ച് മർദ്ദിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ പൊലീസ് കേസെടുക്കാൻ തയ്യാറാകുന്നില്ലെന്ന് പരാതി. കുടുംബവഴക്കാണെന്ന പേരിൽ ക്രൂരമായ ആക്രമണം പൊലീസ് നിസാരവത്ക്കരിക്കുകയാണെന്നാണ് ആരോപണം.
തിരക്കേറിയ പറവൂർ നെടുമ്പാശ്ശേരി എയർപോർട്ട് റോഡിലെ തേലത്തുരുത്ത് ജംങ്ഷനിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. വടക്കൻ പറവൂർ വെടിമറ സ്വദേശി റഫീക്കിനെ തേടി കാറിലും ബൈക്കിലുമായെത്തിയ അഞ്ചംഗ സംഘം വടി ഉപയോഗിച്ച് റഫീക്കിനെ വളഞ്ഞിട്ട് മർദ്ദിച്ചു.
സമീപത്തെ കടകളിൽ നിന്നും സോഡകുപ്പി കൊണ്ടും റഫീക്കിനെ ഇവർ മർദ്ദിച്ചു.സാരമായി പരിക്കേറ്റ റഫീക്ക് പറവൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.സംഭവം നടന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും കുറ്റക്കാർക്കെതിരെ പൊലീസ് നടപടിയെടുത്തില്ല.കുടുംബവഴക്കാണെന്നും ഇരുകൂട്ടരും ചർച്ച ചെയ്ത് പ്രശ്നം പരിഹരിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നുമാണ് ചെങ്ങമനാട് പൊലീസിന്‍റെ പ്രതികരണം.
