വഡോദര: ഗുജറാത്തിലെ വഡോദരയില്‍ പുതുവത്സരാഘോഷങ്ങള്‍ക്കുള്ള പൊലീസ് ഉദ്യോഗസ്ഥന്‍റെ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ക്കെതിരെ വ്യാപക വിമര്‍ശനം. സദാചാര പൊലീസിങ്ങാണ് വഡോദര പൊലീസ് കമ്മീഷണര്‍ അനുപം സിംഗ് ഗലോട്ടിന്‍റെ ഭാഗത്ത് നിന്നുണ്ടായതെന്നാണ് വ്യാപക വിമര്‍ശനം. ഗുജറാത്തിലെ കച്ചവടകേന്ദ്രങ്ങളും റെസ്‍റ്റോറന്‍റുകളും പുതുവത്സര ദിനത്തിനായി ഒരുങ്ങുമ്പോളാണ് പൊലീസ് കമ്മീഷണര്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 

എല്ലായിടങ്ങളിലും സിസിടിവികള്‍ ഉണ്ടായിരിക്കും. മദ്യവും മയക്കുമരുന്നും പാടില്ലെന്നും വസ്ത്രധാരണത്തിലും ശ്രദ്ധ വേണമെന്നാണ് പൊലീസ് കമ്മീഷണറുടെ നിര്‍ദ്ദേശം. മോശമായ രീതിയിലുള്ള വസ്ത്രം ധരിക്കാന്‍ പാടില്ലെന്നാണ് നിര്‍ദ്ദേശത്തിലുള്ളത്. ആഘോഷ ദിവസങ്ങളില്‍ വന്‍ നഗരങ്ങളില്‍ സുരക്ഷ പൊലീസ് വര്‍ധിപ്പിക്കാറുണ്ട്. എന്നാല്‍ വസ്ത്രധാരണത്തില്‍ നിയന്ത്രണം വരുത്തുന്നത് വിരളമാണ്. രാത്രിയിലും കച്ചവടകേന്ദ്രങ്ങള്‍ മുംബൈയില്‍ തുറക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അയല്‍ സംസ്ഥാനമായ ഗുജറാത്തിലെ വഡോദരയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പില്‍ വരത്താന്‍ ശ്രമിക്കുന്നത്.