രാത്രി പട്രോളിംഗിനിടെയാണ് പൊന്‍മുടി പൊലിസ് സ്റ്റേഷനിലെ എസ്ഐ അയൂബും സംഘവും വേട്ട നടത്തിയത്

തിരുവനന്തപുരം: പൊലിസ് ഉദ്യോഗസ്ഥൻ ഉൾപ്പെട്ട സംഘം കാട്ടില്‍ കയറി മ്ലാവിനെ വെടിവച്ച് കൊന്ന് ഇറച്ചിയാക്കി. കുളത്തൂപ്പുഴ ഫോറസ്റ്റ് റേഞ്ചില്‍ ആണ് സംഭവം. 
പൊലീസ് ജീപ്പിലെത്തിയ പൊന്‍മുടി ഗ്രേഡ് എസ്ഐയും സംഘവുമാണ് മൃഗവേട്ട നടത്തിയത്. ഇവര്‍ സഞ്ചരിച്ച പൊലീസ് വാഹനവും ആയുധങ്ങളും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. 

രാത്രി പട്രോളിംഗിനിടെയാണ് പൊന്‍മുടി പൊലിസ് സ്റ്റേഷനിലെ എസ്ഐ അയൂബും സംഘവും വേട്ട നടത്തിയതെന്നാണ് വിവരം. കുളത്തൂപ്പുഴ റേഞ്ചില്‍ മൃഗവേട്ട നടക്കുന്നുവെന്ന വിവരം കിട്ടിയതിനെ തുടര്‍ന്ന് വനംവകുപ്പ് പരിശോധന ശക്തമാക്കിയിരുന്നു. ഇതിനിടെയാണ് മ്ലാവിറച്ചി കറിവച്ച് കഴിക്കുകയായിരുന്ന സംഘത്തെ കണ്ടെത്തിയത്. എന്നാല്‍ വനംവകുപ്പിനെ കണ്ട എസ്ഐ രക്ഷപ്പെട്ടു. സംഘത്തിലെ മറ്റംഗങ്ങള്‍ പിടിയിലായി. 

രണ്ട് എയര്‍ ഗണ്ണുകളാണ് പിടിച്ചെടുത്തത്. ഇവരുടെ കയ്യില്‍ സര്‍വ്വീസ് റിവോള്‍വറുകളുമുണ്ടായിരുന്നു. എന്നാല്‍ സര്‍വ്വീസ് റിവോള്‍വറില്‍നിന്ന് വെടിയുതിര്‍ത്തിട്ടില്ലെന്നാണ് വനംവകുപ്പിന്‍റെ നിഗമനം. സംഭവത്തില്‍ കുളത്തൂപ്പുഴ റേഞ്ച് അധികൃതര്‍ വിശദമായ അന്വേഷണം ആരംഭിച്ചു.