മാതൃഭൂമി കണ്ണൂർ ന്യൂസ് എഡിറ്റർ വിനോദ് ചന്ദ്രന്‍റെ വീട്ടിൽ കവർച്ച നടത്തിയവരെ തിരിച്ചറിഞ്ഞതായി പൊലീസ്. ഇതരസംസ്ഥാനക്കാരായ നാലംഗ സംഘമാണ് കവർച്ചക്ക് പിന്നിലെന്നാണ് പൊലീസ് നൽകുന്ന വിവരം. ഇവരെ ഉടൻ അറസ്റ്റ് ചെയ്തേക്കുമെന്നാണ് സൂചന.
കണ്ണൂർ: മാതൃഭൂമി കണ്ണൂർ ന്യൂസ് എഡിറ്റർ വിനോദ് ചന്ദ്രന്‍റെ വീട്ടിൽ കവർച്ച നടത്തിയവരെ തിരിച്ചറിഞ്ഞതായി പൊലീസ്. ഇതരസംസ്ഥാനക്കാരായ നാലംഗ സംഘമാണ് കവർച്ചക്ക് പിന്നിലെന്നാണ് പൊലീസ് നൽകുന്ന വിവരം. ഇവരെ ഉടൻ അറസ്റ്റ് ചെയ്തേക്കുമെന്നാണ് സൂചന.
വിനോദ് ചന്ദ്രനേയും ഭാര്യയേയും കെട്ടിയിട്ട് മർദ്ദിച്ച് വീട് കൊള്ളയടിച്ച സംഭവത്തിൽ പ്രതികൾ ഉടൻ അറസ്റ്റിലാകുമെന്നാണ് പൊലീസ് നൽകുന്ന സൂചന. പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ബംഗ്ലാദേശ് അതിർത്തിയിൽ നിന്നെത്തിയ നാലംഗ സംഘമാണ് കവർച്ചക്ക് പിന്നിലെന്നും പൊലീസ് പറയുന്നു. കഴിഞ്ഞ വർഷം എറണാകുളം ജില്ലയിൽ കവർച്ച നടത്തിയ സംഘത്തിലെ അംഗങ്ങളാണ് ഇവരെന്നും പൊലീസ് സംശയിക്കുന്നു. കവർച്ചക്ക് ശേഷം സംസ്ഥാനം വിടുന്നതാണ് ഇവരുടെ പതിവെന്നതിനാൽ പ്രതികളെ കണ്ടെത്താൻ മറ്റ് സംസ്ഥാനങ്ങളിലെ പൊലീസ് സേനയുമായി ബന്ധപ്പെട്ടുള്ള അന്വേഷണവും ഊർജ്ജിതമാണ്. മോഷ്ടാക്കൾ കാറുപയോഗിച്ചാണ് സ്ഥലത്തെത്തിയതെന്ന് നേരത്തെ അന്വേഷണ സംഘം സംശയിച്ചിരുന്നു.
സമീപത്തെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ഒരു കാർ കണ്ടെത്തിയിരുന്നു. എന്നാൽ ഇത് മോഷ്ടാക്കൾ ഉപയോഗിച്ചതല്ലെന്ന നിഗമനത്തിലാണ് പൊലീസ്. മോഷണം നടത്താൻ ഉദ്ദേശിക്കുന്ന സ്ഥലത്ത് കുറച്ച് നാൾ തങ്ങിയ ശേഷം വിശദമായി പഠിച്ച് കവർച്ച നടത്തുന്ന സംഘമാണിതെന്നാണ് പൊലീസ് പറയുന്നത്. പ്രാദേശികമായി അധികം ബന്ധം പുലർത്താത്ത പ്രകൃതമായതിനാൽ കാർ സംഘടിപ്പിക്കാനുള്ള സാധ്യതയില്ലെന്നും പൊലീസ് പറയുന്നു. വ്യാഴാഴ്ച പുലർച്ചെയാണ് കണ്ണൂർ താഴെ ചൊവ്വയിലുള്ള വിനോദ് ചന്ദ്രന്‍റെ വീട്ടിൽ മോഷണം നടന്നത്. മോഷ്ടാക്കളുടെ ആക്രമണത്തിൽ പരിക്കേറ്റ വിനോദ് ചന്ദ്രനും ഭാര്യയും ചികിത്സയിൽ തുടരുകയാണ്.
