കോവളത്തെ വിദേശ വനിതയുടെ കൊലപാതകത്തില്‍ അന്വേഷണം അട്ടിമറിക്കാന്‍ നീക്കമെന്ന് പൊലീസ്.

തിരുവനന്തപുരം: കോവളത്തെ വിദേശ വനിതയുടെ കൊലപാതകത്തില്‍ അന്വേഷണം അട്ടിമറിക്കാന്‍ നീക്കമെന്ന് പൊലീസ്. കേസ് സിബിഐ അന്വേഷിക്കണമെന്ന് യുവതിയുടെ സുഹൃത്ത് കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. എന്നാല്‍ വനിതയുടെ സുഹൃത്തിന് പിന്നില്‍ പ്രതികളുടെ അടുപ്പക്കാരെന്ന് പൊലീസ് സംശയിക്കുന്നു. പ്രധാന സാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് ഇയാളുമായി ബന്ധം ഉണ്ടെന്നും പൊലീസ് പറഞ്ഞു. അതേസമയം, അന്വേഷണ ഉദ്യോഗസ്ഥന്‍ ഇന്ന് ഐജിക്കും കമ്മീഷണര്‍ക്കും റിപ്പോര്‍ട്ട് നല്‍കും. 

കേസ് വിവരങ്ങൾ അന്വേഷിക്കാൻ പൊലീസ് സ്റ്റേഷനിലെത്തുമ്പോൾ രണ്ടാം കിട പരിഗണനയാണ് ലഭിക്കുന്നതെന്നും യുവതിയുടെ സുഹൃത്ത് നേരത്തെ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. അന്വേഷണത്തിൽ അതൃപ്തിയുണ്ടെന്നും പൊലീസ് കണ്ടെത്തലുകൾ കെട്ടിച്ചമച്ചതാണെന്ന് സംശയിക്കുന്നുവെന്നും യുവതിയുടെ സുഹൃത്ത് പറഞ്ഞു. പ്രതികളുടെ കുറ്റസമ്മതം കോടതിയിൽ നിലനിൽക്കുമോ എന്ന് സംശയിക്കുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.

ആയുർവേദ ചികിത്സക്കായി തലസ്ഥാനത്തെത്തിയ ഐറിഷ് വനിതയെ മാർച്ച് 14നാണ് കാണാതായത്. നീണ്ട തിരച്ചിലുകൾക്കൊടവിൽ വാഴമുട്ടത്തു നിന്ന് മൃതദേഹം കണ്ടെത്തി. ശാസ്ത്രീയ തെളിവുകളുടേയും സാഹചര്യതെളിവുകളുടേയും അടിസ്ഥാനത്തിൽ വാഴമുട്ടം സ്വദേശികളായ ഉമേഷ്, ഉദയൻ എന്നിവരെയാണ് പൊലീസ് പ്രതി ചേർത്തത്. അതേസമയം, യുവതിയുടെ സഹോദരി സർക്കാരിന്‍റെ അനുസ്മരണ ചടങ്ങിൽ പങ്കെടുത്തും ധനസഹായം കൈപറ്റിയുമാണ് വിദേശത്തേയ്ക്ക് പോയത്.