കളക്ട്രേറ്റിന് സമീപത്തെ ഓട്ടോ സ്റ്റാന്‍ഡിലെത്തിയ രണ്ട് പേര്‍ ബീച്ചിലേക്ക് പോകണമെന്ന് പറഞ്ഞ് ഓട്ടോറിക്ഷയില്‍ കയറി. 30 വയസ് പ്രായം തോന്നിക്കുന്ന രണ്ട് പേര്‍ക്കും ഇരുനിറം. ഒരാള്‍ വെളുത്ത ഷര്‍ട്ടും മറ്റേയാള്‍ ഇളം നീലഷര്‍ട്ടുമാണ് ധരിച്ചിരുന്നത്. സവാരിക്കിടയിലാണ് സംശയാസ്‌പദമായ സംസാരം ഓട്ടോ ഡ്രൈവര്‍ ശ്രദ്ധിച്ചത്.. നമ്മളൊക്കെ ഇവിടെയുണ്ടെന്ന് എല്ലാവരും അറിയട്ടേ.. എന്നായിരുന്നു ഇരുവരും സംസാരിച്ചത്. ഓട്ടോ ഡ്രൈവര്‍ ഏഷ്യാനെറ്റ് ന്യൂസിനോടും കാര്യങ്ങള്‍ വിശദീകരിച്ചു.

ഓട്ടോയില്‍ വന്നിറങ്ങിയവര്‍ പ്രദേശവാസികളാണോ അപരിചരാണോ എന്ന് പൊലീസിന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. ഒരാളുടെ സംസാരത്തില്‍ ചെറിയ തമിഴ് ചുവയുണ്ടായിരുന്നെന്നും ഓട്ടോ ഡ്രൈവറുടെ മൊഴിയിലുണ്ട്. ഇവരെ അന്വേഷിച്ച് കൊല്ലം ബീച്ചിന് സമീപം പൊലീസ് എത്തിയെങ്കിലും അപരിചതരെ കണ്ടതായി ആരും പറഞ്ഞില്ല. ഓട്ടോ ഡ്രൈവറുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചില തീവ്രവസ്വഭാവമുള്ള സംഘടനകളിലേക്ക് അന്വേഷണം തിരിക്കുന്നത്. സംസ്ഥാനത്തുള്ള ഇത്തരം സംഘടനകളിലെ അന്‍പതിലധികം പേരെ ഇതിനോടകം ചോദ്യം ചെയ്തു. പ്രതികള്‍ മൊബൈല്‍ ഫോണ്‍ ഇല്ലാതെയാണ് എത്തിയെന്നും പൊലീസ് അനുമാനിക്കുന്നു. ബസ് സ്റ്റാന്‍ഡ്, റെയില്‍വേസ്റ്റേഷന്‍ എന്നിവിടങ്ങളിലെ സിസിടിവി ക്യാമറകളും പരിശോധിക്കുന്നുണ്ട്.