കൊച്ചി: കെ.എസ്.യുക്കാര്‍ കത്തിക്കാന്‍ കൊണ്ടുവന്ന കോലം തട്ടിയെടുത്ത് പൊലീസുകാര്‍ ഓടി. കൊച്ചിയിലാണ് സംഭവം. കോലത്തില്‍ എഴുതിയിരുന്ന ഡി.ജി.പിയാണ് പ്രശ്നമുണ്ടാക്കിയത്. 

ജിഷ്ണു കേസിലെ പ്രതികള്‍ക്ക് ജാമ്യം ലഭിച്ചതാണ് കൊച്ചിയിലെ കെ.എസ്.യുക്കാരുടെ പ്രകോപിപ്പിച്ചത്. പ്രതിഷേധം പ്രകടിപ്പിക്കാന്‍ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലിന്റെ കോലം സെറ്റ് ചെയ്ത് പ്രകടനവുമായി ഹൈക്കോടതി പരിസരത്തേക്ക് എത്തി. കോലത്തിന് മുകളില്‍ എഴുതിയിരുന്നത് ഡി.ജി.പി എന്നായിരുന്നു. പൂര്‍ണ്ണ രൂപമായ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ എന്ന് ബ്രായ്ക്കറ്റിലും എഴുതിയിരുന്നു. കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ പ്രകടനക്കാരെ തടയാന്‍ നിലയുറപ്പിച്ച പൊലീസിന് കളി മണത്തു. ഞങ്ങളിങ്ങനെ നില്‍ക്കുമ്പോള്‍ സംസ്ഥാന പൊലീസ് മേധാവിയുടെ കോലം കണ്‍മുന്നിലിട്ട് കത്തിക്കുന്നോ? അനുവദിക്കില്ല. പ്രകടനക്കാരെ പൊലീസ് വളഞ്ഞു. കൂട്ടത്തിലൊരു പൊലീസുകാരന്‍ കോലം തട്ടിയെടുത്ത് ഒറ്റയോട്ടം..!!!

ഓരു കോലം കത്തിക്കാനും അവകാശമില്ലേ എന്ന് ഉച്ചത്തില്‍ വിളിച്ചുപറഞ്ഞ് കെ.എസ്.യുക്കാരും പിന്നാലെ ഓടി. പൊലീസ് വഴങ്ങാത്തതിനാല്‍ റോഡിലിരുന്ന് പ്രതിഷേധിച്ച് കെ.എസ്.യുക്കാര്‍ അറസ്റ്റ് വരിച്ചു. കോലമെന്തിനാണ് പൊലീസ് തട്ടിപ്പറിച്ചതെന്ന് പിന്നീടാണ് കെ.എസ്.യുക്കാര്‍ക്ക് മനസ്സിലായത്. പൊലീസിന്റെ തെറ്റിദ്ധാരണയയിരുന്നു പ്രശ്നം. ജിഷ്ണു കേസില്‍ പ്രോസിക്യൂഷന് വീഴ്ചപറ്റി എന്ന് ചൂണ്ടിക്കാണിക്കാന്‍ കെ.എസ്.യുക്കാര്‍ കത്തിക്കാനുദ്ദേശിച്ചത് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ കോലമായിരുന്നെങ്കിലും പൊലീസ് കരുതിയത് സംസ്ഥാന പൊലീസ് മേധാവിയുടെ കോലമാണെന്നാണ്. രണ്ടിന്റേയും ചുരുക്കപ്പേര് ഡി.ജി.പി എന്നായി പോയതാണ് പ്രശ്നമായത്.