മുന്‍ ഗതാഗതമന്ത്രി എ.കെ ശശീന്ദ്രനെ ഫോണ്‍വിളിച്ച് കുടുക്കിയെന്ന കേസില്‍ മംഗളം ചാനല്‍ മേധാവിയടക്കം എട്ടുപേരെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘം നോട്ടീസ് നല്‍കിയ പ്രകാരം എട്ടു പേര്‍ ഇന്നു രാവിലെ തിരുവനന്തപുരത്തെ ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാവുകയായിരുന്നു. മന്ത്രിയെ ഫോണ്‍ വിളിച്ചതായി സംശയിക്കുന്ന പെണ്‍കുട്ടിയും ചാനല്‍ ഡയറക്ടറും ഹാജരായിട്ടില്ല.

അറസ്റ്റ് തടയണമെന്ന പ്രതികളുടെ ആവശ്യം ഹൈക്കോടതി അന്നലെ നിരാകരിച്ചതോടെയാണ് ഇന്ന് ഇവര്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായത്. ക്രൈം ബ്രാഞ്ച് ഐ.ജി ദിനേന്ദ്ര കശ്യപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ ചോദ്യം ചെയ്യുന്നത്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതേസമയം തന്റെ വാഹനത്തില്‍ നിന്നും മൊബൈല്‍ ഫോണും ലാപ്‍ടോപ്പും മോഷണം പോയതായി ചൂണ്ടിക്കാട്ടി മംഗളം ചാനല്‍ മേധാവി ഇന്നലെ രാത്രി മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. പരാതി ലഭിച്ചിട്ടുണ്ടെന്നും സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു.