വാഴമുട്ടത്തെ ആളൊഴിഞ്ഞ കായല്‍പ്പരപ്പില്‍ ലിഗ ഒറ്റക്ക് എത്തില്ലെന്ന് പൊലീസ് ഉറപ്പിക്കുന്നു
തിരുവനന്തപുരം: വിദേശ വനിത ലിഗയുടെ ദുരൂഹ മരണത്തില് കസ്റ്റഡിയിലുള്ള അനധികൃത ഗൈഡും പുരുഷ ലൈംഗിക തൊഴിലാളിയും അടക്കമുള്ളവരെ പോലീസ് ചോദ്യം ചെയ്യുന്നു. മൃതദേഹം കണ്ടെത്തിയ വാഴമുട്ടത്ത് ഫോറന്സിക് സംഘം വീണ്ടും പരിശോധന നടത്തി.
ലിഗയുടെ മരണത്തിലെ ദുരൂഹത മാറ്റാനുള്ള ഊജ്ജിത ശ്രമത്തിലാണ് അന്വേഷണം സംഘം. രണ്ട് ദിവസമായി കസ്റ്റഡിയിലുള്ളവരെ വിശദമായി ചോദ്യം ചെയ്യുകയാണിപ്പോള്. സ്ഥിരമായി ജാക്കറ്റ് ധരിക്കുന്ന അനധികൃത ഗൈഡ്, കോവളത്ത് നേരത്തെയും വിദേശവനിതകളെ ഉപദ്രവിച്ചിരുന്ന പുരുഷ ലൈംഗിക തൊഴിലാളി എന്നിവരെയാണ് കൂടുതല് സംശയം. ഈ രണ്ട് പേരടക്കം കസ്റ്റഡിയിലുള്ളവരുടെ മൊഴികളിലും വൈരുദ്ധ്യങ്ങളുണ്ട്. പറയുന്നത് സത്യമാണോ എന്ന് ഉറപ്പിക്കാന് മനഃശാസ്ത്ര വിദഗ്ധരുടേയും സഹായം തേടിയിട്ടുണ്ട്.
വാഴമുട്ടത്തെ ആളൊഴിഞ്ഞ കായല്പ്പരപ്പില് ലിഗ ഒറ്റക്ക് എത്തില്ലെന്ന് പൊലീസ് ഉറപ്പിക്കുന്നു. കസ്റ്റഡിയിലുള്ളവരില് ആരെങ്കിലും ലിഗയെ കൊണ്ടുവന്നതാകാമെന്നാണ് പ്രധാന സംശയും. മയക്കുമരുന്ന് നല്കി പീഡിപ്പിക്കാന് ശ്രമിച്ചോ എന്ന സംശയവുണ്ട്. എന്തെങ്കിലും ആയുധങ്ങള് ഉപേക്ഷിച്ചോ എന്നറിയാനാണ് ഫോറന്സിക് സംഘം ഉള്പ്പെടെയുള്ളവര് വാഴമുട്ടത്ത് കുറ്റിക്കാട് വെട്ടിത്തെളിച്ച് വീണ്ടും പരിശോധിച്ചത്. സമീപത്ത് മീന് പിടിക്കാന് ഉപയോഗിക്കന്ന ഫൈബര് ബോട്ടിലും പരിശോധിച്ചു. പീഡനം നടന്നിട്ടുണ്ടോയെന്ന് ശാസ്ത്രീയ പരിശോധനയിലേ വ്യക്തമാകൂ. പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ട് ഇന്ന് വൈകുന്നേരമോ നാളെയോ ലഭിക്കും.
