എന്നാൽ, എവിടെ വച്ച് ചോദ്യം ചെയ്യണമെന്നതിൽ തീരുമാനം എടുത്തിട്ടില്ല.ഇതിന് മുന്നോടിയായി ചിലരുടെ മൊഴി കൂടി രേഖപ്പെടുത്തും. 

ദില്ലി: ബലാൽസംഗ പരാതിയിൽ ജലന്ധർ കത്തോലിക്ക ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യും. ഉച്ചയോടെയാകും ചോദ്യം ചെയ്യൽ. ചോദ്യം ചെയ്യലിന്‍റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ തീരുമാനിക്കും. എന്നാൽ, എവിടെ വച്ച് ചോദ്യം ചെയ്യണമെന്നതിൽ തീരുമാനം എടുത്തിട്ടില്ല.ഇതിന് മുന്നോടിയായി ചിലരുടെ മൊഴി കൂടി രേഖപ്പെടുത്തും.

കഴിഞ്ഞ ദിവസം രാത്രിയിൽ അന്വേഷണ സംഘം പരാതിക്കാരിയായ കന്യാസ്ത്രീയുടെ ബന്ധുവിൽ നിന്ന് മൊഴിയെടുത്തിരുന്നു. ബിഷപ്പിനെതിരായ പരാതിയെക്കുറിച്ച് അമ്യത്സറിൽ വച്ച് കഴിഞ്ഞ വർഷം ജൂലൈ 21 ന് ചർച്ച ചെയ്തുവെന്ന മൊഴി മദർ ജനറാൾ റജീന നിഷേധിച്ച സാഹചര്യത്തിലായിരുന്നു വീണ്ടും മൊഴിയെടുത്തത്.

അതേസമയം, കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസിലെ പ്രതിയായ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നും കോടതി മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നുമാവശ്യപ്പെടുന്ന ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കുറവിലങ്ങാട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ നടപടികളില്ലെന്ന് ചൂണ്ടിക്കാട്ടി കേരള കാത്തലിക് ചർച്ച് റിഫോർമേഷൻ മൂവ്മെന്‍റാണ് ഹര്‍ജി നല്കിയത്.

കേസ് രജിസ്റ്റർ ചെയ്തിട്ടും ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്തിട്ടില്ല. ഇരയ്ക്ക് സംരക്ഷണം ഉറപ്പുവരുത്തുകയും അന്വേഷണം സമയ ബന്ധിതമായി പൂർത്തിയാക്കാൻ നിർദേശിക്കുകയും വേണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. നേരത്തെ, പഞ്ചാബിലെത്തിയ അന്വേഷണസംഘം കഴിഞ്ഞ ദിവസങ്ങളില്‍ ബിഷപ്പിനെതിരായ തെളിവുകള്‍ ശേഖരിച്ചിരുന്നു.

ഇടയനൊപ്പം ഒരു ദിവസമെന്ന പ്രാര്‍ത്ഥനാ യോഗത്തെ സംബന്ധിച്ച് വൈദികരില്‍ നിന്ന് കിട്ടിയ നിര്‍ണായക മൊഴിയാണ് പൊലീസിന് തുണയായത്. കന്യാസ്ത്രീക്കെതിരെ പരാതി കൊടുത്ത സ്ത്രീയേയും വൈദികരേയും മഠത്തിന്‍റെ ചുമതലയുള്ള കന്യാസ്ത്രീകളേയും മറ്റ് അന്തേവാസികളേയും പൊലീസ് ചോദ്യം ചെയ്തിരുന്നു. പീഡനത്തിനിരയായ കന്യാസ്ത്രീക്ക് എതിരായി നല്‍കിയ പരാതിയില്‍ നിന്ന് പരാതി കൊടുത്ത സ്ത്രീ പിന്മാറിയതും അന്വേഷണവഴിയില്‍ നിര്‍ണായകമായി.