Asianet News MalayalamAsianet News Malayalam

അംബേദ്കറിന്റെയും ഫൂലെയുടെയും ചിത്രങ്ങൾ വച്ചിരിക്കുന്നത് എന്തിനാണ്? പ്രൊഫസർ സത്യനാരായണയോട് പൊലീസ്

ദേവീദേവൻമാരുടെ ചിത്രങ്ങൾക്ക് പകരം എന്തിനാണ് അംബേദ്കറിന്റെയും ഫൂലെയുടെയും ഫോട്ടോകൾ വച്ചിരിക്കുന്നതെന്നും എന്തിനാണ് മാവോയെയും മാർക്സിനെയും വായിക്കുന്നതെന്നും പൊലീസ് തന്നോട് ചോദിച്ചതായി പ്രൊഫസർ സത്യനാരായണ പറയുന്നു. ബുദ്ധിജീവിയായതെന്തിനാണെന്നായിരുന്നു പൊലീസിന്റെ അടുത്ത ചോദ്യം. 
 

police raid at professor sathyanarayanas house at maharashtra
Author
Maharashtra, First Published Aug 29, 2018, 2:10 PM IST

മഹാരാഷ്ട്ര: ഭീമാ കൊറേ​ഗാവിൽ നടന്ന അക്രമ സംഭവത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് ദലിത് ചിന്തകനും ആക്റ്റിവിസ്റ്റുമായ പ്രൊഫസർ സത്യനാരായണയെ പൊലീസ് അറസ്റ്റ് ചെയ്തു. ഹൈദരാബാദ് ഇഎഫ്എൽ സർവ്വകലാശാലയിലെ കൾച്ചറൽ സ്റ്റഡീസ് ഡിപ്പാർട്ട്മെന്റ് തലവനും ഇന്റർ ഡിസിപ്ലിനറി സ്റ്റഡീസ് ഡീനുമാണ് പ്രൊഫസർ സത്യനാരായണ. ദേവീദേവൻമാരുടെ ചിത്രങ്ങൾക്ക് പകരം എന്തിനാണ് അംബേദ്കറിന്റെയും ഫൂലെയുടെയും ഫോട്ടോകൾ വച്ചിരിക്കുന്നതെന്നും എന്തിനാണ് മാവോയെയും മാർക്സിനെയും വായിക്കുന്നതെന്നും പൊലീസ് തന്നോട് ചോദിച്ചതായി പ്രൊഫസർ സത്യനാരായണ പറയുന്നു. ബുദ്ധിജീവിയായതെന്തിനാണെന്നായിരുന്നു പൊലീസിന്റെ അടുത്ത ചോദ്യം. 

മഹാരാഷ്ട്ര പൊലീസാണ് പ്രൊഫസർ സത്യനാരായണയുടെ വീട് റെയ്ഡ് ചെയ്യാനെത്തിയത്. ഭീമ കൊറേ​ഗാവ് സംഭവത്തിൽ മാവോയിസ്റ്റ് ഇടപെടലുണ്ടെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്താകെയുള്ള സാമൂഹ്യപ്രവർത്തകരുടെയും ദളിത് ചിന്തകരുടെയും വീടുകളിൽ പരക്കെ റെയ്ഡ് നടന്നു കൊണ്ടിരിക്കുകയാണ്. മുപ്പത് വർഷത്തെ അക്കാദമിക് ജീവിതം പൊലീസ് അഞ്ച് മിനിറ്റ് കൊണ്ട് തകർത്തു കളഞ്ഞു എന്നാണ് പ്രൊഫസർ സത്യനാരായണ പൊട്ടിത്തെറിച്ചു കൊണ്ട് പ്രതികരിക്കുന്നത്. ഇത് സംബന്ധിച്ച വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 

ഒരു ഭീകരവാദിയോടെന്ന പോലെയാണ് പൊലീസ് തന്നോട് പെരുമാറിയതെന്ന് ഇദ്ദേഹം പറയുന്നു. ഒരു ദിവസം മുഴുവൻ വീട്ടുതടങ്കലിൽ കഴിഞ്ഞു. പുറത്തേക്ക് ഇറങ്ങി വരാനോ വിദ്യാർത്ഥികളോടും മറ്റുള്ളവരോടും സംസാരിക്കാനും അനുവാദം തന്നില്ല. ഇദ്ദേഹത്തിന്റെ വീട്ടിൽ നിന്നും ലാപ്ടോപ്പ്. പെൻഡ്രൈവുകൾ, ഹാർഡ് ഡിസ്കുകൾ എന്നിവ പൊലീസ് പിടിച്ചെടുത്തു. തെലുങ്ക് കവിയും ആക്റ്റിവിസ്റ്റുമായ വരവരറാവുവിന്റെ മരുമകനാണ് പ്രൊഫസർ സത്യനാരായണ.

തന്റെ വീട് റെയിഡ് ചെയ്യാൻ തക്ക വിധത്തിലുള്ള യാതൊരു തെളിവും പൊലീസിന്റെ കൈവശമുണ്ടായിരുന്നില്ലെന്നും ഇദ്ദേഹം പറയുന്നു. പൊലീസ് ഇദ്ദേഹത്തിന്റെ ഫോണും ഇമെയിലും ബ്ലോക്ക് ചെയ്യുകയും ചെയ്തു. പ്രൊഫസർ സത്യനാരായണയ്ക്കെതിരെ നടന്ന അതിക്രമത്തിൽ അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും പ്രതിഷേധം ശക്തമായിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios