കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ നടന്‍ ദിലീപിന്റെ വീട്ടില്‍ പൊലീസ് റെയ്ഡ് നടത്തുന്നു. ദിലീപിന്റെ കസ്റ്റഡി കാലാവധി ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് അവസാനിക്കാനിരിക്കെയാണ് ആലുവയുള്ള അദ്ദേഹത്തിന്റെ വീട്ടില്‍ റെയ്ഡ് നടത്തുന്നത്.
അതേസമയം ദിലീപിന്റെ ജാമ്യാപേക്ഷയില്‍ വാദം കേട്ട അങ്കമാലി മജിസ്ട്രേറ്റ് കോടതി വിധി പറയാനായി മാറ്റിവെച്ചിരിക്കുകയാണ്. ജാമ്യ ഹര്‍ജിയിലെ വാദത്തിനിടെ ദിലീപ് ഉപയോഗിച്ചിരുന്ന രണ്ട് മൊബൈല്‍ ഫോണുകള്‍ പ്രതിഭാഗം അഭിഭാഷകന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. ശാസ്ത്രീയമായ പരിശോധനയ്ക്ക് വേണ്ടിയാണ് ഫോണുകള്‍ കോടതിയില്‍ നല്‍കുന്നതെന്നും പൊലീസിനെ ഏല്‍പ്പിച്ചാല്‍ അതില്‍ കൃത്രിമം നടത്തി തെളിവുകള്‍ നശിപ്പിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും ദിലീപിന്റെ അഭിഭാഷകന്‍ പറഞ്ഞു. കോടതിയുടെ മേല്‍നോട്ടത്തില്‍ ശാസ്ത്രീയ പരിശോധന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
