കൊച്ചി: നടന്‍ ദിലീപിനെതിരെ പൊലീസ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. വിദേശത്ത് പോകാന്‍ അനുവദിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് റിപ്പോര്‍ട്ട്. ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി ദിലീപ് നൽകിയ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
മുദ്രവച്ച കവറിലാണ് പൊലീസ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കേസിലെ ഏഴാം പ്രതി ചാര്‍ളി മാപ്പു സാക്ഷിയാവാന്‍ വിസമ്മതിച്ചത് ദിലീപിന്‍റെ സ്വാധീനം മൂലമെന്നാണ് പൊലീസ് ആരോപണം. ദിലീപ് ജാമ്യത്തിലിറങ്ങിയ സമയത്ത് തന്നെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമം നടന്നെന്നാണ് പൊലീസ് പറയുന്നത്.
തന്‍റെ ഉടമസ്ഥതയിലുള്ള ഭക്ഷണശാലയുടെ ശാഖയുടെ ഉദ്ഘാടനത്തിന് ഈ മാസം 29 ന് ദുബായില്‍ പോകാൻ അനുവദിക്കണമെന്നാണ് ദിലീപിന്റെ ഹര്‍ജിയിലെ ആവശ്യം. ഒരാഴ്ചത്തെ ഇളവാണ് ദിലീപ് തേടിയിട്ടുള്ളത്. അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ കെട്ടിവച്ച പാസ്പോര്‍ട്ട് വിട്ടു നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.
