തിരുവനന്തപുരം: ജിഷ്ണുവിന്റെ അമ്മ മഹിജക്കെതിരായ പൊലീസ് നടപടിയില്‍ ഇന്ന് ഐജി മനോജ് എബ്രഹാം ഡിജിപിക്ക് റിപ്പോര്‍ട്ട് കൈമാറും. ബാഹ്യ ഇടപെടലും മെഡിക്കൽ റിപ്പോർട്ടും വിശദമായി പരിശോധിച്ച ശേഷമാണ് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. റിമാന്റിലായ പൊതുപ്രവര്‍ത്തകര്‍ക്ക് ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവും ശക്തമായി. മകനെ വിട്ടയച്ചില്ലെങ്കിൽ ക്ലിഫ് ഹൗസിന് മുന്നിൽ നിരാഹാര സമരം നടത്തുമെന്ന് കെഎം ഷാജഹാന്റെ അമ്മ പ്രതികരിച്ചു

മഹിജയുടെ സമരം കൈകാര്യം ചെയ്തതിൽ പൊലീസിന് വീഴ്ചയില്ലെന്നായിരുന്നു ഐജി മനോജ് എബ്രഹാമിന്റെ പ്രാഥമിക റിപ്പോര്‍ട്ട് . ഇതിനെതിരെ കടുത്ത പ്രതിഷേധമുയര്‍ന്നു. തുടര്‍ന്നാണ് പൊലീസ് നടപടിയും മെഡിക്കൽ റിപ്പോര്‍ട്ടുകളുമെല്ലാം സമഗ്രമായി പരിഗണിച്ച് അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. സമരം കൈകാര്യം ചെയ്തതിൽ പൊലീസിന് വീഴ്ചയുണ്ടെന്ന് പറയാനാകില്ല. പക്ഷേ ആസൂത്രിതമായ സമരം മുൻകൂട്ടി കാണുന്നതിൽ ജാഗ്രത കുറവുണ്ടായെന്നാണ് കണ്ടെത്തൽ. ബാഹ്യ ശക്തികളുടെ പിന്തുണ സമരത്തിനും സമരക്കാർക്കുമുണ്ടായിരുന്നു. മുൻകരുതലെടുക്കുന്നതിൽ വീഴ്ച പറ്റി. വിശദമായ അന്വേഷണത്തിനൊടുവിൽ പൊലീസുകാര്ക്കെതിരെ നടപടി ശുപാര്‍ശകളും ഉണ്ടാകുമെന്നാണ് സൂചന. അതേസമയം സംഭവത്തിൽ അറസ്റ്റിലായ പൊതുപ്രവര്‍ത്തകരെ വിട്ടയക്കണമെന്ന ആവശ്യവും ശക്തമായി. പ്രതികാര നടപടിയാണ് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് കെഎം ഷാജഹാന്റെ അമ്മ ആരോപിച്ചു

പൊതു പ്രവര്‍ത്തകരായ അഞ്ച് പേരാണ് റിമാന്റിലുള്ളത്. അന്യായമായ സംഘം ചേരൽ പൊലീസിന്റെ കൃത്യ നിര്‍വ്വഹണം തടസപ്പെടുത്തൽ എന്നിവക്ക് പുറമെ ഗൂഢാലോചനകുറ്റവും ഇവര്‍ക്കെതിരെയുണ്ട്. ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസ്. ഇവര്‍ക്ക് സമരത്തിൽ പങ്കില്ലെന്ന് പറയുന്പോഴും അഞ്ച് പേരും ഒരേ സമയം സമരക്കാര്‍ക്കൊപ്പം പൊലീസ് ആസ്ഥാനത്തെത്തിയതിന് പിന്നിലും സമരക്കാര്‍ക്ക് നൽകിയ സഹായത്തിലുമെല്ലാം ഗൂഢാലോചനയുണ്ടെന്നാണ് പൊലീസ് ഭാഷ്യം.