വരാപ്പുഴയിലെ കസ്റ്റഡി മരണം; മൊഴിയില്‍ വൈരുദ്ധ്യം

First Published 10, Apr 2018, 6:40 PM IST
police responds in sreejith varappuzha police custody death
Highlights
  • വാസുദേവന്‍റെ മകന്‍ വിനീഷിന്‍റെ മൊഴികളില്‍ വൈരുദ്ധ്യം
  • വിനീഷിന്‍റെ പുതിയ വെളിപ്പെടുത്തല്‍ തെറ്റെന്ന് പൊലീസ്​

കൊച്ചി: വരാപ്പുഴയില്‍ ആത്മഹത്യ ചെയ്ത വാസുദേവന്‍റെ മകന്‍ വിനീഷിന്‍റെ മൊഴികളില്‍ വൈരുദ്ധ്യം. വിനീഷിന്‍റെ പുതിയ വെളിപ്പെടുത്തല്‍ തെറ്റെന്ന് പൊലീസ്. ശ്രീജിത്തും സഹോദരനുമാണ് ആക്രമിച്ചതെന്നായിരുന്നു വിനീഷിന്‍റെ മൊഴി. ശ്രീജിത്ത് നിരപരാധിയാണെന്ന് വിനീഷ് പിന്നീട് പറഞ്ഞിരുന്നു. വിനീഷിന്റെ മൊഴിയുടെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. 

ശ്രീജിത്ത് പ്രതി തന്നെയെന്നും പൊലീസ്. ശ്രീജിത്തടക്കമുള്ള പ്രതികളെ തിരിച്ചറിഞ്ഞ ശേഷമുള്ള മൊഴിയാണിത്. ശ്രീജിത്തിന്‍റെ സാന്നിദ്ധ്യത്തിലായിരുന്നു വിനീഷിന്‍റെ മൊഴി രേഖപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു. വീടാക്രമിച്ച സംഘത്തിൽ ശ്രീജിത്തും സഹോദരൻ സജിത്തും ഉണ്ടായിരുന്നു, പ്രതികളും മരിച്ച വാസുദേവനുമായി മൽപ്പിടത്തമുണ്ടായി, വാസുദേവൻ ഇവരിൽ ആരെയൊക്കെയോ തള്ളി മാറ്റുകയും ചവിട്ടുകയും ചെയ്തിരുന്നു, ഇവരിൽ ആർക്കെങ്കിലും പരിക്കേറ്റിട്ടുണ്ടോ എന്ന് അറിയില്ലെന്നും മൊഴിയില്‍ പറയുന്നു. ശ്രീജിത്ത് പ്രതിയല്ലെന്ന വിനീഷിന്റെ വെളിപ്പെടുത്തൽ പൊലീസ് തള്ളി. 

മറ്റൊരു ശ്രീജിത്തിന്‍റെ പേരാണ് പോലീസ് പരാതിയില്‍ പറഞ്ഞിരുന്നതെന്ന് ആത്മഹത്യ ചെയ്ത വാസുദേവന്‍റെ മകന്‍ വിനീഷ് ഏഷ്യാനെറ്റ് ന്യൂസ് ഒാണ്‍ലൈനിനോട് പറഞ്ഞു. ''മരിച്ച ശ്രീജിത്തിന്‍റെ പേര് പോലീസിനോട് പറഞ്ഞിട്ടില്ല. അക്രമിസംഘത്തില്‍ ഉണ്ടായിരുന്നത് മറ്റൊരു ശ്രീജിത്താണ്. ശ്രീജിത്ത് എന്ന പേര് പറഞ്ഞിരുന്നു. പക്ഷേ, അത് ശശി ചേട്ടന്‍റെ മകന്‍ ശ്രീജിത്തിനെ കുറിച്ചാണ് പരാതിയില്‍ പറഞ്ഞത്. മുഖ്യ പ്രതികളെ പോലീസ് പിടിക്കാത്തതാണ് സംഭവം വഷാളക്കാന്‍ കാരണം. വീടാക്രമിച്ച സംഘത്തില്‍ മരിച്ച ശ്രീജിത്ത് ഉണ്ടായിരുന്നോ എന്ന കാര്യം അറിയില്ല. '' വിനീഷ് ഏഷ്യാനെറ്റ് ന്യൂസ് ഒാണ്‍ലൈനിനോട് പറഞ്ഞു.

ആളുമാറിയാണ് ശ്രീജിത്തിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തതെന്ന് അയൽവാസിയും ദൃക്‌സാക്ഷിയുമായ സന്തോഷും പ്രതികരിച്ചു. ശ്രീജിത്തിന്‍റെ സഹോദരൻ സജിത്തിനെ അന്വേഷിച്ചാണ് പോലീസ് എത്തിയത്. എന്നാല്‍ വരാന്തയിൽ കിടക്കുകയായിരുന്ന ശ്രീജിത്തിനെ പിടികൂടി കൊണ്ടുപോയി. ഇതിനിടയില്‍ മർദ്ദിച്ചെന്നും സന്തോഷ് ഏഷ്യാനെറ്റ്‌ ന്യൂസിനോട്‌ പറയുന്നു. ജീപ്പിലെത്തിയപ്പോഴാണ് സജിത്ത് അല്ലെന്നു മനസിലായത്. പിന്നീട് സജിത്തിനെയും കൊണ്ടു പോയെന്നും സന്തോഷ് പറഞ്ഞു.

ദൃക്‌സാക്ഷികളുടെ വാക്കുകൾ  ശരിവയ്ക്കുന്നതുമാണ് ശ്രീജിത്തിന്‍റെ മാതാപിതാക്കളുടെയും ബന്ധുകളുടെയും പ്രതികരണം. വേഷം മാറി എത്തിയ പോലീസ് ശ്രീജിത്തിനെ ബലം പ്രയോഗിച്ച് വലിച്ചിഴച്ച് കൊണ്ട് പോവുകയായിരുന്നുവെന്ന് ശ്രീജിത്തിന്‍റെ ഭാര്യ പിതാവ് ഏഷ്യനെറ്റ് ന്യൂസ് ഒാണ്‍ലൈനിനോട് പറഞ്ഞു. ''പിടിച്ചുകൊണ്ട് പോകുന്ന വഴി റോഡില്‍വച്ച് ശ്രീജിത്തിനെ മര്‍ദ്ദിക്കുന്നതിന് ഭാര്യയും ബന്ധുക്കളും സാക്ഷികളാണ്. തുളസിദാസ് എന്ന് വിളിക്കുന്ന മറ്റൊരു ശ്രീജിത്താണ് കേസിലെ യഥാര്‍ത്ഥ പ്രതി. ശ്രീജിത്തിനെ പിടിച്ചുകൊണ്ട് പോവുമ്പോള്‍, ആത്മഹത്യ ചെയ്ത വാസുദേവന്‍റെ സഹോദരന്‍ ഈ കാര്യം പോലീസിനോട് പറയുകയും ചെയ്തിരുന്നുവെന്ന്'' ശ്രീജിത്തിന്‍റെ ഭാര്യ പിതാവ് പറയുന്നു.

അതേസമയം, പോലീസ് കസ്റ്റഡി മരണം പ്രത്യേകസംഘം അന്വേഷിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു. എന്താണ് നടന്നന്തെന്നറിയാന്‍ ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം വേണം പ്രത്യേകസംഘത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഉടന്‍ അറിയിക്കുമെന്നും മാധ്യമങ്ങളെ കണ്ട ഡിജിപി പറഞ്ഞു. വാസുദേവന്റെ വീട് ആക്രമിച്ച കേസിലായിരുന്നു ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത്. പൊലീസ് കസ്റ്റഡിയില്‍ ഇരിക്കെ മര്‍ദ്ദനമേറ്റിരുന്ന ശ്രീജിത്തിന് ശസ്ത്രക്രിയ നടത്തിയിരുന്നു. എന്നാല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശ്രീജിത്ത് മരിക്കുകയായിരുന്നു.

loader