ഷുജാത്ത് ബുഖാ​രിയുടെ ഘാതകരിലൊരാൾ പാകിസ്ഥാനി ബാക്കി രണ്ട് പേർ പ്രദേശവാസികളെന്ന് പൊലീസ്

ശ്രീന​ഗർ: റൈസിം​ഗ് കാശ്മീർ ദിനപത്രത്തിന്റെ ചീഫ് എഡിറ്ററും കാശ്മീരിലെ മുതിർന്ന മാധ്യമപ്രവർത്തകനുമായ ഷുജാത്ത് ബുഖാരിയുടെ ഘാതകരിലൊരാൾ പാകിസ്ഥാനിയെന്ന് പൊലീസ് കണ്ടെത്തൽ.. സംഭവം നടന്ന ശ്രീന​ഗറിലെ ഓഫീസിന് മുന്നിലെ സിസിടിവിയിൽ നിന്നാണ് കൊലപാതകികളെ തിരിച്ചറിഞ്ഞത്. ബൈക്കിലെത്തിയ മൂന്നുപേരാണ് ബുഖാരിയെ വെടിവച്ചത്. അതിലൊരാൾ പാകിസ്ഥാനിയാണെന്നും മറ്റ് രണ്ട് പേർ പ്രദേശവാസികളാണെന്നും തിരിച്ചറിഞ്ഞതായി പൊലീസ് വ്യക്തമാക്കുന്നു. പാകിസ്ഥാനി സ്വദേശിയായ പ്രതി തീവ്രവാദ സംഘടനയായ ലഷ്കർ ഇ തോയ്ബയിലെ അം​ഗമാണെന്നാണ് പൊലീസ് നി​ഗമനം. 

ജൂൺ 14 ന് റംസാൻ ദിനത്തിൽ ഇഫ്താർ‌ വിരുന്നിൽ പങ്കെടുക്കാൻ ഓഫീസിൽ നിന്നിറങ്ങിയ ഷുജത്ത് ബുഖാരിയെയാണ് മൂന്നം​ഗസംഘം വെടിവച്ച് വീഴ്ത്തിയത്. അമ്പത്തിരണ്ടുകാരനായ ബുഖാരിയുടെ ശരീരത്തിൽ നിന്ന് പതിനേഴ് ബുള്ളറ്റുകളാണ് കണ്ടെടുത്തത്. കൂടാതം ഒപ്പമുണ്ടായിരുന്ന രണ്ട് സുരക്ഷാ ഉദ്യോ​ഗസ്ഥർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. സിസിടിവിയിൽ കൊലപാതകികളുടെ മുഖം പതിഞ്ഞിരുന്നെങ്കിലും തൂവാലയും ഹെൽമറ്റും ഉപയോ​ഗിച്ച് ഇവർ മുഖം മറച്ചാണ് ഇവർ വന്നത്. ബൈക്കിൽ നടുവിലായി ഇരുന്നിരുന്ന പ്രതികളിലൊരാളുടെ കൈവശം ആയുധങ്ങൾ നിറച്ചിരുന്ന ഒരു സഞ്ചിയുമുണ്ടായിരുന്നു. അതായത് ഏതു വിധേനയും ബുഖാരിയെ കൊലപ്പെടുത്തണമെന്ന് ഇവർ തീരുമാനിച്ചിരുന്നതായി പൊലീസ് പറയുന്നു.