മാവോയിസ്റ്റുകള്‍ക്കായി നാല് ജില്ലകളില്‍ സംയുക്ത തിരച്ചില്‍
കോഴിക്കോട്: മാവോയിസ്റ്റുകള്ക്കായി വടക്കന് ജില്ലകളിലെ കാടുകളില് തെരച്ചില് ഊര്ജിതമാക്കി പോലീസ്. നാല് ടീമുകളായി തിരിഞ്ഞാണ് പൊലീസും തണ്ടര്ബോള്ട്ടും സംയുക്ത പരിശോധന നടത്തുന്നത്. വയനാട് കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലെ കാടുകളിലാണ് തണ്ടര്ബോള്ട്ടിന്റേയും പൊലീസിന്റേയും സംയുക്ത പരിശോധന നടക്കുന്നത്.
ഒരേസമയമാണ് ഓപ്പറേഷന്. അന്പതിലധികം തണ്ടര്ബോര്ട്ട് അംഗങ്ങളും പൊലീസ് ഓഫീസര്മാരുമാണ് മാവോയിസ്റ്റുകളെ തിരയുന്ന സംഘങ്ങളിലുള്ളത്. വയനാട് മേപ്പാടിയില് മാവോയിസ്റ്റുകള് ഇതരസംസ്ഥാന തൊഴിലാളികളെ ബന്ദിയാക്കിയതിന് പിന്നാലെയാണ് പൊലീസ് വടക്കന് ജില്ലകളിലെ കാടുകളില് പരിശോധന ഊര്ജ്ജിതമാക്കിയത്.
കോഴിക്കോട് ജില്ലയില് മാത്രം മൂന്ന് മാസത്തിനിടെ പതിനഞ്ചിലേറെ തവണയാണ് മാവോയിസ്റ്റ് സാനിധ്യം സ്ഥിരീകരിച്ചത്. ആയുധധാരികളായ സംഘം വനത്തിനോട് ചേര്ന്നുള്ള വീടുകളിലെത്തി ഭക്ഷ്യസാധങ്ങള് ശേഖരിച്ച് മടങ്ങുന്നത് പതിവായെങ്കിലും പോലീസിന് ഇവരെ പിടികൂടാനായിട്ടില്ല.
അന്വേഷണ പട്ടികയിലുള്ള മാവോയിസ്റ്റുകളുടെ പേരുകളും ഫോട്ടോകളും അടക്കമുള്ള വിശദ വിവരങ്ങള് ഇതിനോടകം പലപ്പോഴായി പൊലീസ് പുറത്ത് വിട്ടിരുന്നു. വനംവകുപ്പിനെയും, ആദിവാസികളെയും ഉള്പ്പെടുത്തി ആസൂത്രണം ചെയ്ത തിരച്ചില് പദ്ധതിയും ഫലം കണ്ടിട്ടില്ല.
