കത്തുപെട്ടിയും തുണച്ചില്ല, ജസ്നയെ കാണാതായിട്ട് മൂന്ന് മാസം
പത്തനംതിട്ട: ജസ്നയെ കാണാതായിട്ട് 90 ദിവസം പിന്നിടുമ്പോഴും യാതൊരു വിവരവും ലഭിക്കാതെ പൊലീസ്. ഐജി മനോജ് എബ്രഹാമിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ജസ്നക്കായി വ്യാപകമായ തിരച്ചില്‍ നടത്തുന്നത്. എന്നാല്‍ അന്വേഷണത്തിന്‍റെ ഒരുഘട്ടത്തിലും ജസ്നയെകുറിച്ച് ഒരുതുമ്പും കിട്ടിയില്ല. കഴിഞ്ഞ മാർച്ച് 22നാണ് ബിരുദ വിദ്യാർഥിനിയായ ജസ്നയെ ഏരുമേലിയില്‍ നിന്നും കാണാതയത്.
മുണ്ടക്കയം പുഞ്ചവയലിലെ ബന്ധുവീട്ടിലേക്കാണ് ജസ്ന പോയത്. കാണാതയതിന്‍റെ തൊട്ടടുത്ത ദിവസം ജസ്നയുടെ അച്ഛൻ പൊലീസില്‍ പരാതി നല്‍കി എന്നാല്‍ ആദ്യദിവസങ്ങളിലെ അന്വേഷണം മന്ദഗതിയാലായിരുന്നു. പ്രതിഷേധം ശക്തമാകാൻ തുടങ്ങിയതോടെയാണ് കേസന്വേഷണം പ്രത്യേക സംഘത്തിന് കൈമാറിയത്. ഇപ്പോള്‍ ജസ്നക്കായി തെരച്ചില്‍ നടത്തുന്നത് ഐജിയുടെ നേതൃത്വത്തിലുള്ള നാലാമത്തെ സംഘമാണ്. ജസ്നയെ കുറിച്ച് വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.
സൈബർസെല്ലിന്‍റെ നേതൃത്വത്തില്‍ ഒരുലക്ഷം ഫോൺകാളുകള്‍ പരിശോധിച്ചു. പരിശോധന ഇപ്പോഴും തുടരുകയാണ് നൂറിലധികംപേരെ വിവിധ അന്വേഷണസംഘം ചോദ്യം ചെയ്യതു. 150 പേരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി. . കൊട്ടയം പത്തനംതിട്ട ഇടുക്കി ജില്ലകളിലെ വനമേഖലകളിലും അരിച്ചുപെറുക്കി, ഒരുസൂചനയുമില്ല. വിവരശേഖരണത്തിനായി പത്ത് സ്ഥലങ്ങളില്‍ പൊലീസ് പ്രത്യേക പെട്ടികള്‍ സ്ഥാപിച്ചിടുണ്ട്. പെട്ടിയില്‍ നിന്ന് അമ്പതിലധികം കത്തുകള്‍ ലഭിച്ചു. ഇതില്‍ സാധ്യതയുള്ളവയെല്ലാം പൊലീസ് പരിശോധിച്ചെങ്കിലും ജസ്നയെ കുറിച്ചുള്ള വിവരങ്ങളൊന്നും ലഭിച്ചില്ല.
തമിഴ്നാട് കർണ്ണാടകം എന്നിവിടങ്ങളില്‍ നിന്നും ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധയിലും ജസ്നയെ കണ്ടെത്താനായില്ല. അതേസമയം അന്വേഷണത്തില്‍ പൊലീസിന് വിഴ്ച ഉണ്ടെന്നാണ് കോൺഗ്രസ് ജില്ലാ നേതൃത്വത്തിന്‍റെ പരാതി. പൊലീസിനൊപ്പം കുടുംബാംഗങ്ങളും വിവിധ സ്ഥലങ്ങളില്‍ തിരച്ചില്‍ നടത്തുന്നുണ്ട്. ഇതിനിടയില്‍ ചില രാഷ്ട്രീയ നേതാക്കാള്‍ നടത്തിയ പരാമർശങ്ങള്‍ കുടുംബത്തിനെ വേദനിപ്പിച്ചു എന്ന് കാണിച്ച് ജസ്നയുടെ സഹോദരി ഫേസ്ബുക്കില്‍ പ്രതികരിച്ചു. ഇനിയും ഇത്തരത്തില്‍ പ്രതികരണങ്ങള്‍ ഉണ്ടായാല്‍ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് ജസ്നയുടെ കുടുംബത്തിന്‍റെ തീരുമാനം.
