മഞ്ചേരിയിലെ സത്യസരണിയിലും ഗ്രീന്‍വാലിയിലും ഒരേ സമയമാണ് പൊലീസ് സംഘം പരിശോധന നടത്തിയത്.
കൊച്ചി: മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മലപ്പുറത്തെ പോപ്പുലര് ഫ്രണ്ട് കേന്ദ്രങ്ങളില് പൊലീസ് പരിശോധന. മഞ്ചേരിയിലെ സത്യസരണിയിലും ഗ്രീന്വാലിയിലും ഒരേ സമയമാണ് പൊലീസ് സംഘം പരിശോധന നടത്തിയത്. കേസില് പൊലീസ് തെരയുന്ന 12 പേരുടെ ബാങ്ക് അക്കൗണ്ടുകള് മരവിപ്പിക്കാനും അന്വേഷണ സംഘം ശ്രമം തുടങ്ങി.
കഴിഞ്ഞ ദിവസങ്ങളില് സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിലുള്ള പോപ്പുലര് ഫ്രണ്ടിന്റെയും എസ്.ഡി.പി.ഐയുടെയും ഓഫീസുകളില് പൊലീസ് പരിശോധന നടത്തിയിരുന്നു. നിരവധി നേതാക്കളുടെയും പ്രവര്ത്തകരുടെയും വീടുകളിലും പൊലീസ് സംഘം അന്വേഷിച്ചെത്തി. നിരവധിപ്പേര് പൊലീസിന്റെ കസ്റ്റഡിയിലുണ്ട്. അതേസമയം കേസില് ഇന്ന് രണ്ട് പേര് കൂടി അറസ്റ്റിലായി. കൊല്ലപ്പെടുന്നതിന് മുമ്പ് അഭിമന്യുവിന് വന്ന ഫോണ് കോളുകളും പൊലീസ് പരിശോധിക്കുന്നു.
പ്രതികളെ സഹായിച്ച നവാസ്, ജാഫ്രി എന്നിവരാണ് ഇന്ന് പിടിയിലായതെന്ന് പൊലീസ് അറിയിച്ചു. ഇരുവരും എസ്ഡിപിഐ പ്രവര്ത്തകരാണ്. ഇതോടെ കേസില് അറസ്റ്റിലായവരുടെ എണ്ണം ആറായി. എറണാകുളം നെട്ടൂരില് നിന്ന് ഒളിവില് പോയ ആറ് പേരെ കേന്ദ്രീകരിച്ചാണ് ഇപ്പോള് അന്വേഷണ സംഘം മുന്നോട്ട് പോകുന്നത്. പൊലീസ് തെരയുന്ന 12 പേരുടെ ബാങ്ക് അക്കൗണ്ടുകള് മരവിപ്പിക്കുന്നതിനുള്ള ശ്രമങ്ങളും നടക്കുകയാണ്.
അതേസമയം കൊല്ലപ്പെട്ട അഭിമന്യുവിന്റെ ഫോണ് വിവരങ്ങള് പൊലീസ് പരിശോധിക്കുകയാണ്. ഇടുക്കി വട്ടവടയിലെ വീട്ടില് നിന്ന് അഭിമന്യുവിനെ കോളേജിലേക്ക് വിളിച്ചുവരുത്തുകയായിരുന്നുവെന്ന് ബന്ധുക്കളില് ചിലര് പറഞ്ഞിരുന്നു. ബസ് കിട്ടാത്തതിനെ തുടര്ന്ന് പച്ചക്കറികള് കൊണ്ടുപോയ വാഹനത്തില് കയറിയാണ് അഭിമന്യു അന്ന് കോളേജിലേക്ക് തിരിച്ചത്. ഈ സാഹചര്യത്തിലാണ് അഭിമന്യുവിന്റെ ഫോണ് കോളുകള് പരിശോധിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് പൊലീസ് തിരയുന്ന നെട്ടൂര് സ്വദേശികളിലൊരാള് കൈവെട്ട് കേസില് ഉള്പ്പെട്ടിരുന്നതായി സൂചന ലഭിച്ചു. സമീപകാലത്ത് എസ്ഡിപിഐ, പോപ്പുലര് ഫ്രണ്ട് സാന്നിധ്യമുണ്ടായിരുന്ന കേസുകളും സംഭവങ്ങളും വിശകലനം ചെയ്യുകയാണ് അന്വേഷണ സംഘം. പതിനഞ്ചംഗ സംഘമാണ് കൃത്യം നടത്തിയതെന്ന് കണ്ടെത്തിയിട്ടും ഇതില് നാല് പേരെ മാത്രമാണ് പൊലീസിന് അറസ്റ്റ് ചെയ്യാനായത്. ഇന്ന് അറസ്റ്റിലായ രണ്ട് പേരും കൊലപാതകത്തില് നേരിട്ട് പങ്കെടുത്ത 15 അംഗ സംഘത്തില് ഉള്പ്പെട്ടവരല്ല
എറണാകുളം നെട്ടൂരില് നിന്ന് കഴിഞ്ഞ ദിവസങ്ങളില് ഒളിവില് പോയ ആറ് പേരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. നെട്ടൂര് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മൂവാറ്റുപുഴയിലെ അധ്യാപകന്റെ കൈവെട്ടിയ കേസിലെ പ്രതിയായിരുന്നയാളും ഇവരിലുണ്ടെന്ന് പൊലീസ് തിരിച്ചറിഞ്ഞിരിക്കുന്നത്. ഈ ആറ് പേരില് ആരെങ്കിലുമാണോ കൃത്യം നടത്തിയ കറുത്ത ഷര്ട്ടുകാരന് എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
കൈവെട്ട് കേസില് 31 പേരടങ്ങിയ പ്രതിപ്പട്ടികയില് 13 പേരെയാണ് കൊച്ചി എന്ഐഎ കോടതി ശിക്ഷ വിധിച്ചിരുന്നത്. വിധി പറഞ്ഞ ദിവസം കോടതി പരിസരത്ത് എത്തിയവരുടെ വിവരങ്ങളും പൊലീസ് ശേഖരിച്ച് വരികയാണ്. ഗൂഢാലോചന നടത്തുന്നത് ഇവരിലാരെങ്കിലും പ്രതികളെ സഹായിച്ചോ, പ്രതികള്ക്കുള്ള താമസ സൗകര്യം ഇവര് ഒരുക്കിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് പൊലീസ് പരിശോധിക്കുന്നത്. കുടക്, മൈസൂര്, മംഗലാപുരം എന്നിവടങ്ങളിലാണ് പ്രധാനമായും അന്വേഷണം പുരോഗമിക്കുന്നത്.
ഇന്നലെ ആലുവ എസ്.പി ഓഫീസിലേക്ക് മാര്ച്ച് നടത്തിയ 132 എസ്.ഡി.പി.ഐ പ്രവര്ത്തകരെ റിമാന്ഡ് ചെയ്തു. മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നേരത്തെ പൊലീസ് അറസ്റ്റ് ചെയ്ത ജില്ലാ നേതാക്കളെ വിട്ടയക്കണം എന്നാവശ്യപ്പെട്ടായിരുന്നു ഇന്നലെ മാര്ച്ച് നടത്തിയത്.
എസ്.ഡി.പി.ഐ എറണാകുളം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില് നടന്ന മാര്ച്ചിന് അനുമതി ഇല്ലാത്തതിനാല് പ്രവര്ത്തകരെ പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ഇന്ന് പുലര്ച്ചെയാണ് ഇവരെ മജിസ്ട്രേറ്റിന് മുന്നില് ഹാജരാക്കി റിമാന്ഡ് ചെയ്തത്. ഐപിസി 143, 147, 149, 283, 353 എന്നീ വകുപ്പുകള് പ്രകാരം നിയമവിരുദ്ധമായി സംഖം ചേരല്, കലാപം ഉണ്ടാക്കല്, പൊതുവഴി തടസപ്പെടുത്തല്, ജോലി തടസപ്പെടുത്തല് തുടങ്ങിയ കുറ്റങ്ങളാണ് എസ്.ഡി.പി.ഐ പ്രവര്ത്തകര്ക്കെതിരെ ചുമത്തിയിരിക്കുന്നത്.
