അക്രമത്തിനിടെ തലയ്ക്ക് പരിക്കേറ്റ വിനോദിനായി ആശുപത്രികളിലും  ബസ്റ്റാന്‍റിലും  വീട്ടിലുമൊക്കെ തെരഞ്ഞെങ്കിലും ഇയാൾ രക്ഷപ്പെട്ടു

തൃശ്ശൂര്‍:പെട്രോൾ പന്പിലെ തർക്കത്തിനിടെ യുവാവിനെ പെട്രോൾ ഒഴിച്ച് കത്തിച്ച കേസിൽ ഒളിവിൽ പോയ പ്രതിയെ ഇനിയും കണ്ടെത്താനായില്ല. കേസില്‍ പ്രതിയായ കുപ്രസിദ്ധ ഗുണ്ട വിനോദ് തമിഴ്നാട്ടിൽ ഉള്ളതായി സൂചന കിട്ടിയതിന്‍റെ അടിസ്ഥാനത്തിൽ അന്വേഷണം പൊലീസ് സംസ്ഥാനത്തിന് പുറത്തേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. 

തൃശൂർ ചേലക്കാട്ടുകരയിലെ പെട്രോൾ പന്പില്‍ ഇന്ധനം നിറയ്കുന്നതിനിടെയാണ് യുവാവിനെ തീ കൊളുത്തി കുപ്രസിദ്ധ ഗുണ്ട വിനോദ് രക്ഷപ്പെട്ടത്. പെട്രോൾ നിറയ്ക്കാനായി വണ്ടി മാറ്റാൻ ആവശ്യപ്പെട്ടത് അനുസരിക്കാത്തതിനായിരുന്നു കൊലപാതകശ്രമം. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നിമിഷങ്ങൾക്കകം പ്രതിയെ വ്യക്തമായിട്ടും പൊലീസിന് പിടികൂടാനായില്ല.

അക്രമത്തിനിടെ തലയ്ക്ക് പരിക്കേറ്റ വിനോദിനായി ആശുപത്രികളിലും ബസ്റ്റാന്‍റിലും വീട്ടിലുമൊക്കെ തെരഞ്ഞെങ്കിലും ഇയാൾ രക്ഷപ്പെട്ടു. പ്രതി തമിഴ്നാട്ടിലേക്ക് കടന്നെന്നാണ് പൊലീസിന് കിട്ടിയ സൂചന. കൃത്യത്തിന് ശേഷം ഇയാളെ ചിലർ സഹായിച്ചിരിക്കാമെന്നാണ് പൊലീസ് കരുതുന്നത്. കഞ്ചാവ് ഉപയോഗിക്കുന്ന ആളായതിനാൽ അത്തരം സംഘങ്ങളെയും പൊലീസ് നിരീക്ഷിക്കുന്നുണ്ട്. 

സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഇയാളുടെ ചിത്രം പ്രദർശിപ്പിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. ഇതരസംസ്ഥാനങ്ങളിലെ പൊലീസിനെയും വിവരം അറിയിച്ചിട്ടുണ്ട്. പ്രതിയെ ഉടൻ പിടികൂടുമെന്ന് അന്വേഷണ സംഘം അറിയിച്ചു. വിവിധ സ്ഥലങ്ങളിൽ 11 കേസുകളിൽ പ്രതിയായ വിനോദ് എട്ടു കേസുകളിൽ ശിക്ഷ അനുഭവിച്ചു. 3 കേസുകൾ ഇപ്പോഴും വിചാരണ നടക്കുകയാണ്. ഇതിനിടെയാണ് കൊലപാതക ശ്രമം. അക്രമത്തിൽ പൊള്ളലേറ്റ ദിലീപ് അടുത്തുള്ള തോട്ടിലേക്ക് എടുത്ത് ചാടിയതിനാലാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.