ഫ്ളോറിഡ: അമേരിക്കയില്‍ രോഗിയെ സഹായിച്ച കറുത്ത വര്‍ഗക്കാരനായ സന്നദ്ധ പ്രവര്‍ത്തകനെ പൊലീസ് വെടിവെച്ചു. ചാള്‍സ് കിന്‍സെ എന്ന കറുത്ത വര്‍ഗ്ഗക്കാരനാണ് വെടിയേറ്റത്. തന്‍റെ പക്കല്‍ ആയുധങ്ങളൊന്നുമില്ലെന്ന് പറഞ്ഞിട്ടും ഉദ്യോഗസ്ഥര്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പരിക്കേറ്റ കിന്‍സെ പറഞ്ഞു.

ഫ്ലോറിഡയിലെ റോഡില്‍ ഓട്ടിസം ബാധിച്ച യുവാവിനെ സഹായിക്കുകയായിരുന്നു സന്നദ്ധപ്രവര്‍ത്തകനായ ചാര്‍ള്സ് കിന്‍സെ. യുവാവ് ബഹളം വെക്കുന്നത് കണ്ടാണ് കിന്‍സെ അടുത്തുചെന്നത്. ഇയാളെ സമാധാനപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ അവിടെയെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ വെടിവെക്കുകയായിരുന്നു.

താന്‍ അപകടകാരിയല്ലെന്നും തന്‍റെ കൈകളില്‍ ആയുധങ്ങളൊന്നും ഇല്ലെന്നും കിന്‍സെ കൈകളുയര്‍ത്തി വിളിച്ചുപറയുന്ന ദൃശ്യങ്ങൾ വീഡിയോയിലുണ്ട്. ഇത് വകവെക്കാതെ പൊലീസ് മൂന്ന് തവണ വെടിയുതിര്‍ക്കുകയായിരുന്നെന്നാണ് കിന്‍സെയുടെ ആരോപണം. കാലിന് പരിക്കേറ്റ കിന്‍സെ ചികിത്സയിലാണ്.

എന്നാല്‍ ആയുധധാരിയായ യുവാവ് റോഡില്‍ ആത്മഹത്യാഭീഷണി മുഴക്കുന്നു എന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് വെടിവെച്ചതെന്നാണ് മായാമി പൊലീസ് മേധാവി പറയുന്നത്. പക്ഷേ തോക്ക് കണ്ടെത്തിയില്ലെന്നും യുജിന്‍ വ്യക്തമാക്കി. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.