ഓർത്തഡോക്സ് സഭയിലെ നാലു വൈദികർ പ്രതികളായ കേസിൽ ഒന്നാം പ്രതി എബ്രഹാം വർഗ്ഗീസ്, നാലാം പ്രതി ജെയ്സ് കെ ജോർജ് എന്നിവരാണ് ഇനി പിടിയിലാകാനുള്ളത്.
കൊല്ലം: കുമ്പസാര രഹസ്യം വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ച കേസിൽ ഓർത്തഡോക്സ് സഭയിലെ വൈദികർക്കായുള്ള അന്വേഷണത്തിൽ മെല്ലെപ്പോക്ക്. പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളുമെന്ന പ്രതീക്ഷയിലാണ് ക്രൈംബ്രാഞ്ച് സംഘം. ഒന്നാം പ്രതി എബ്രഹാം വർഗ്ഗീസ് സഭയുടെ കീഴിലെ ആശ്രമത്തിൽ ഒളിവിൽ കഴിയുന്നതായി സൂചനയുണ്ടങ്കിലും ക്രൈംബ്രാഞ്ച് സംഘം അന്വേഷണത്തിന് തയ്യാറായിട്ടില്ല.
ഓർത്തഡോക്സ് സഭയിലെ നാലു വൈദികർ പ്രതികളായ കേസിൽ ഒന്നാം പ്രതി എബ്രഹാം വർഗ്ഗീസ്, നാലാം പ്രതി ജെയ്സ് കെ ജോർജ് എന്നിവരാണ് ഇനി പിടിയിലാകാനുള്ളത്. സുപ്രീം കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിപ്പിക്കും മുമ്പ് ഇരുവരെയും പിടികൂടാനായിരുന്നു ക്രൈംബ്രാഞ്ച് നീക്കം. ദില്ലിയിലായിരുന്ന ജെയ്സ് കെ ജോർജ് നാട്ടിലെത്തിയെന്ന സൂചനയെത്തുടർന്ന് ബന്ധുവീടുകളിലും റെയിൽവേ സ്റ്റേഷനുകളിലും പരിശോധന നടത്തുകയും ചെയ്തു. എന്നാൽ ഒന്നാം പ്രതി എബ്രഹാം വർഗ്ഗീസ് സുപ്രീം കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയതോടെ പ്രതികൾക്കായുള്ള തിരച്ചിലും മന്ദഗതിയിലായി. സുപ്രീം കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളുമെന്നും പിന്നാലെ പ്രതികൾ കീഴടങ്ങുമെന്നുമാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.
മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് ക്രൈംബ്രാഞ്ച് സുപ്രീം കോടതിയിൽ നാളെ റിപ്പോർട്ട് നൽകും. കേസ് അന്വേഷണത്തിനായി ഇരുവരെയും കസ്റ്റഡിയിൽ ആവശ്യമുണ്ടെന്നും മൊബൈൽ ഫോണുകൾ ഉൾപ്പെടെയുള്ള തെളിവുകൾ കണ്ടെത്താനുണ്ടെന്നും ജാമ്യം നൽകരുതെന്നുമാകും ക്രൈംബ്രാഞ്ച് കോടതിയെ അറിയിക്കുക. അതേസമയം മുൻകൂർ ജാമ്യാപേക്ഷയിൽ കോടതിയുടെ തീരുമാനം വരും വരെ പ്രതികളെ അറസ്റ്റ് ചെയ്യാൻ അവസരമുണ്ടെങ്കിലും ഇതിനായുള്ള തീവ്രമായ ശ്രമങ്ങളൊന്നും ഇപ്പോൾ നടക്കുന്നില്ല. അന്വേഷണവുമായി സഹകരിക്കുന്നു എന്ന് പറയുന്ന സഭാ നേതൃത്വമാകട്ടെ പ്രതികൾക്ക് സംരക്ഷണം നൽകുന്നതായാണ് സൂചന.
നിരണം ഭദ്രാസനത്തിനു കീഴിലെ ഒരു ആശ്രമത്തിൽ ഒന്നാം പ്രതി എബ്രഹാം വർഗ്ഗീസ് ഒളിവിൽ കഴിയുന്നതായി വിവരമുണ്ടങ്കിലും ഈ ദിശയിൽ അന്വേഷണം നടത്താൻ ക്രൈംബ്രാഞ്ച് സംഘം തയ്യാറായിട്ടില്ല. യുവതിയുടെ മൊഴിയിൽ ക്രൈംബ്രാഞ്ച് കേസെടുത്ത് രണ്ടാഴ്ചയായിട്ടും പ്രധാന പ്രതികൾക്ക് ഒളിവിൽ തുടരുന്നത് രാഷ്ടീയ പിൻബലത്തിലാണെന്നും വിമർശനമുണ്ട്.
