Asianet News MalayalamAsianet News Malayalam

ഹോപ്പറിനറിയാം കാട്ടിലെ വഴികൾ

  • രണ്ടു ദിവസം കൊടുങ്കാട്ടിൽ
  • സഹായത്തിനെത്തിയത് ഹോപ്പർ
  • കണ്ടെത്തുമ്പോൾ നല്ല ഉറക്കം
police sniffer dog hopper found farmer in tamilnad

തമിഴ്നാട്: രണ്ടു ദിവസമാണ് ആഹാരമോ വെള്ളമോ ഇല്ലാതെ നാൽപത്തെട്ട് വയസ്സുകാരനായ രാധാകൃഷ്ണൻ കൊടുങ്കാട്ടിനുള്ളിൽ തനിച്ചായത്. വീട്ടിലേക്ക് തിരിച്ചു പോകാൻ സാധിക്കുമെന്ന് അയാൾ പ്രതീക്ഷിച്ചു കാണില്ല. പൊലീസും നാട്ടുകാരും എന്തു ചെയ്യണമെന്നറിയാതെ നിന്നപ്പോൾ രാധാകൃഷ്ണന് ഒരു രക്ഷകന്തെതി. തമിഴ്നാട് ഫോറസ്റ്റ് വകുപ്പിലെ പൊലീസ് നായ ഹോപ്പർ. 

ഈ മാസം ജൂൺ 19 നാണ് തമിഴ്നാട്ടിലെ നീല​ഗിരിയിലെ വീടിനടുത്ത് നിന്ന് രാധാകൃഷ്ണൻ എന്ന കർഷകൻ അപ്രത്യക്ഷനായത്. തൊടുത്ത ഘോരവനത്തിലേക്ക് രാധാകൃഷ്ണൻ ഓടിപ്പോകുന്നത് കണ്ടതായി അയൽവാസികളിൽ ചിലർ പറഞ്ഞു. എന്നാൽ പിന്നീട് അയാൾക്കെന്ത് സംഭവിച്ചെന്ന് ആർക്കും അറിയില്ല. പൊലീസ് പരാതി സ്വീകരിച്ച് അന്വേഷണത്തിനായി എത്തിയെങ്കിലും എവിടെ നിന്ന് എങ്ങോട്ട് അന്വേഷിക്കണം എന്ന കാര്യംത്തിൽ അവർക്കും ലക്ഷ്യമുണ്ടായിരുന്നില്ല. കാരണം രാധാകൃഷ്ണൻ ഓടിപ്പോയ കാടിനകം അത്രയേറെ അപരിചിതമായ ഒരിടമായിരുന്നു. മാനസിക വെല്ലുവിളികൾ നേരിടുന്നയാളായിരുന്നു അയാൾ. അതുകൊണ്ട് തന്നെ തിരികെയെത്തുമെന്ന കാര്യത്തിലും വീട്ടുകാർക്ക് പ്രതീക്ഷയുണ്ടായിരുന്നില്ല.

ഇത്തരത്തിൽ അന്വേഷണം വഴിമുട്ടി നിന്ന സാഹചര്യത്തിലാണ് പൊലീസ് ഉദ്യോ​ഗസ്ഥർ ഹോപ്പറെക്കുറിച്ച് ഓർത്തത്. പിന്നൊന്നും ആലോചിച്ചില്ല ഹോപ്പറെ തന്നെ കൊണ്ടുവരാൻ തീരുമാനിച്ചു. ബെൽജിയൻ ഷെപ്പേർഡ് ഇനത്തിൽ പെട്ട സ്നിഫർ നായയാണ് ഹോപ്പർ. കഴിഞ്ഞ മുന്നൂ വർഷങ്ങളായി തമിഴ്നാട് വനംവകുപ്പിനെ പല കേസുകളിലും സഹായിച്ചത് ഇവനാണ്. എത്ര വലിയ ഘോരവനത്തിലും ഹോപ്പറിന് വഴി തെറ്റില്ല. കഴിഞ്ഞ വർഷം സത്യമം​ഗലം കാടിനുള്ളിൽ അനധികൃതമായി വേട്ട നടത്തിയ ആനക്കൊമ്പ് മോഷ്ടാക്കളെ പിടിച്ചത് ഹോപ്പറുടെ നേതൃത്വത്തിലാണ്. അങ്ങനെ രാധാകൃഷ്ണനെ കണ്ടെത്താനും പൊലീസ് ഉദ്യോ​ഗസ്ഥർ നാലുവയസ്സുകാരൻ ഹോപ്പറുടെ സഹായം തേടി. ''എങ്ങനെ കേസന്വേഷിക്കണമെന്ന് അവന് നന്നായിട്ട് അറിയാം.''ഹോപ്പറുടെ പരിശീലകനും നോട്ടക്കാരനുമായ ഫോറസ്റ്റ്  ​ഗാർഡ് വടിവേലുവിന്റെ വാക്കുകൾ. ''ബിഎസ് എഫ് പരിശീലനം നേടിയ നായ് ആണിവൻ. കഴിഞ്ഞ കുറച്ച് വർഷങ്ങളായി നുഴഞ്ഞു കയറ്റക്കാരെ നേരിടുന്ന ഫോറസ്റ്റ് ടിമിലെ അം​ഗമായിട്ടാണ് ഹോപ്പർ സേവനം ചെയ്യുന്നത്.'' വടിവേലു വിശദീകരിക്കുന്നു. 

അങ്ങനെ ജൂലൈ 20 ന് രാധാകൃഷ്ണനെ കണ്ടെത്താൻ ഹോപ്പറെത്തി. രാധാകൃഷ്ണന്റെ വസ്ത്രങ്ങളിൽ മണം പിടിച്ചതിന് ശേഷം നായ നേരെ പോയത് വനത്തിനുള്ളിലേക്കായിരുന്നു. ഉദ്യോ​ഗസ്ഥരും പുറകെയെത്തി. ഏകദേശം ആറ് കിലോമീറ്ററോളം ദൂരം പോയിട്ടും അയാളെ കണ്ടെത്താനായില്ല. പിറ്റേന്ന്, ജൂൺ 21 ന് പുലർച്ചെ ആറ് മണിയോട് കൂടി വീണ്ടും ഹോപ്പറിനൊപ്പം അന്വേഷണ സംഘം യാത്ര തിരിച്ചു. എങ്ങോട്ടാണ് പോകുന്നതെന്ന് ഹോപ്പറിന് മാത്രമേ അറിയാമായിരുന്നുള്ളൂ എന്ന് പൊലീസ് ഉദ്യോ​ഗസ്ഥരിലൊരാളായ വിജയൻ പറയുന്നു.  പെട്ടെന്നാണ് രാധാകൃഷ്ണൻ ഉടുത്തിരുന്ന മുണ്ട് വഴിയിലായി കിടക്കുന്നത് കണ്ടത്. ശരിയായ വഴിയിലാണ് ഹോപ്പർ തങ്ങളെ കൊണ്ടുപോയതെന്ന് അപ്പോൾ ഉറപ്പായി എന്ന് വിജയന്റെ വാക്കുകൾ. ഏകദേശം അഞ്ചു മണിക്കൂർ കാടിനുള്ളിലൂടെ നടന്നിട്ടാണ് ഇവർ ഈ സ്ഥലത്തെത്തിയത്. 

തൊട്ടടുത്ത കുറ്റിക്കാട്ടിൽ ഉറങ്ങിക്കിടന്നിരുന്ന രാധാകൃഷ്ണനെ കണ്ടെത്തിയതും ഹോപ്പറായിരുന്നു. എന്നാൽ അയാളെ കണ്ട ഉടൻ ഹോപ്പർ ജാ​ഗ്രതയോടെ മുരളുകയായിരുന്നു എന്ന് വടിവേലു പറയുന്നു. കാരണം നായ വിചാരിച്ചത് സ്ഥിരം കേസുകളിലെപ്പോലെ രാധാകൃഷ്ണനും അതിക്രമിച്ചു കടന്ന ആളായിരുന്നു എന്നാണ്. അപ്പോൾത്തന്നെ രാധാകൃഷ്ണന് വെള്ളവും പ്രാഥമിക ശുശ്രൂഷകളും നൽകി. അപ്പോഴാണ് തങ്ങൾ ഇയാളെ രക്ഷിക്കാൻ വേണ്ടിയാണ് വന്നതെന്ന് ഹോപ്പറിന് മനസ്സിലായത്. ഹോപ്പർ ഇല്ലായിരുന്നെങ്കിൽ രാധാകൃഷ്ണനെ രക്ഷിക്കാൻ സാധിക്കില്ലായിരുന്നു എന്ന് പൊലീസ് ഉദ്യോ​ഗസ്ഥർ ഒരേ സ്വരത്തിൽ പറയുന്നു. എന്നാൽ ഹോപ്പറിനെ സംബന്ധിച്ച് എന്നത്തെയും പോലെ ഒരു ദിവസം മാത്രമായിരുന്നു ഇതും. 

കടപ്പാട് : ദ് ന്യൂസ് മിനിറ്റ്

Follow Us:
Download App:
  • android
  • ios