എഡിന്‍ബര്‍ഗ്: കടുവയുടെ മുന്നില്‍ പെട്ടാല്‍ എത്ര വലിയ ആയുധമുണ്ടെങ്കിലും ആദ്യം ചങ്കിലൊരു പെടപ്പായിരിക്കും. എന്നാല്‍ ആ പെടപ്പിനൊടുവില്‍ ഒരു 45 മിനുട്ടോളം താന്‍ പേടിച്ച് വിറച്ച് നിന്നത് കടുവയുടെ പാവയ്ക്ക് മുന്നിലാണെന്ന് തിരിതച്ചറിഞ്ഞാലോ.. അത്തരമൊരു അബദ്ധം ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്തിരിക്കുകയാണ് സ്‌കോട്ട്‌ലന്റ് പൊലീസ്. 

ഒരു ശനിയാഴ്ച രാത്രിയാണ് സ്‌കോട്ട്‌ലാന്റ് പൊലീസിന് ആ ഫോണ്‍ സന്ദേശം ലഭിച്ചത്. തന്റെ ഫാമില്‍ ഒരു വന്യജീവിയെ കണ്ടുവെന്നായിരുന്നു വിറച്ചുകൊണ്ട് അപ്പുറത്തുനിന്നുള്ള ശബ്ദം. എല്ലാ വിധ സജ്ജീകരണങ്ങളും വേണ്ടത്ര പൊലീസ് ഉദ്യോഗസ്ഥരുമായി സംഘം അയാളുടെ ഫാമിലേക്ക് തിരിച്ചു. വന്യ ജീവിയെ കണ്ട പ്രദേശത്തിനടത്ത് വന്യജീവി സങ്കേതമുള്ളതിനാല്‍ ഏതെങ്കിലും ജീവി രക്ഷപ്പെട്ടിട്ടുണ്ടോ എന്നെല്ലാം ഉദ്യോഗസ്ഥര്‍ ഇതിവനിടയില്‍ അന്വേഷിച്ച് അറിഞ്ഞിരുന്നു. 

അങ്ങനെ ഫാമിലെത്തിയ ഉദ്യോഗസ്ഥര്‍ 45 മിനുട്ടോളം ആ വന്യജീവിയ്ക്ക് മുന്നില്‍ അകലം പാലിച്ച് നിന്നു. ഒടുവിലാണ് ആ സത്യം അവര്‍ തിരിച്ചറിഞ്ഞത്. അതൊരു കടുവയുടെ വലിയ പാവയായിരുന്നു എന്ന്. തങ്ങള്‍ക്ക് പറ്റിയ അബദ്ധം ഫേസ്ബുക്ക് പേജിലൂടെ ഷെയര്‍ ചെയ്ത യു കെ പൊലീസിന്റെ ഹ്യൂമര്‍സെന്‍സിനെ പുകഴ്ത്തി നിരവധി പേരാണ് പോസ്റ്റ് ഷെയര്‍ ചെയ്തത്. ഫെബ്രുവരി 5നാണ് ഫോട്ടോ അടക്കം പോസ്റ്റ് ചെയ്തത്. 1000 ലേറെ പേര്‍ ഇതുവരെ പോസ്റ്റ് ഷെയര്‍ ചെയ്തിട്ടുണ്ട്.