തിരുവനന്തപുരം: പോലീസ് സ്‌റ്റേഷനുകളുടെ സൗന്ദര്യ സംരക്ഷണത്തിനായി എല്ലാ പോലീസ് സ്‌റ്റേഷനും ഒരേ നിറം പൂശാന്‍ ഉത്തരവിട്ട പോലീസ് മേധാവിയുടെ മൂക്കിന് താഴെ ചോര്‍ന്നൊലിച്ച് ഒരു പോലീസ സ്‌റ്റേഷന്‍. വിഴിഞ്ഞം തീരദേശ പോലീസ് സ്‌റ്റേഷനാണ് ചോര്‍ന്നൊലിച്ച് കിടക്കുന്നത്. തീര സംരക്ഷണത്തിന് നിയോഗിക്കപ്പെട്ട പൊലീസുക്കാര്‍ കൃത്യനിര്‍വഹണം നടത്തുന്നത് ചോര്‍ന്നൊലിക്കുന്ന സ്റ്റേഷനിലാണ്. ഉദ്ഘാടനം കഴിഞ്ഞ് ഏഴ് വര്‍ഷം പിന്നിടുമ്പോള്‍ കെട്ടിടം നശിക്കുന്ന കാഴ്ചയാണ് കാണുന്നത്. 

മറ്റ് സ്‌റ്റേഷനുകളെ പോലെ നവീകരിച്ച സ്‌റ്റേഷനാണ് വിഴിഞ്ഞത്തെ പോലീസ് സ്‌റ്റേഷനും. എന്നാല്‍ കടല്‍ തീരത്തെ ഉപ്പ് കാറ്റിനെകുറിച്ച് ഒരു ധാരണയും കെട്ടിടം പണിത എഞ്ചിനീയറോ കരാറുകാരനോ മുഖവിലക്കെടുത്തിരുന്നില്ല. അതുകൊണ്ട് തന്നെ എത്ര നവീകരിച്ചാലും ആറ് മാസം കഴിയുമ്പോഴേക്കും ഉപ്പ് കാറ്റടിച്ച് കെട്ടിടം പെട്ടെന്ന് തന്നെ നശിക്കുകയാണ്. കടല്‍ കാറ്റ് ഏറ്റ് സ്റ്റേഷനിലെ ഷീറ്റിട്ട മേല്‍ക്കൂര തുരമ്പെടുത്ത് നശിച്ചു. 

ശക്തമായ കാറ്റില്‍ ഷീറ്റുകള്‍ ഇളക്കി വീഴുന്നത് സ്റ്റേഷനിലെ പൊലീസുകാര്‍ക്കും സമീപത്തെ മത്സ്യവല നെയ്ത്ത് പുരയിലെ തൊഴിലാളികള്‍ക്കും ഭീഷണിയുയര്‍ത്തുന്നു. മേല്‍ക്കൂര നശിച്ചതോടെ മഴപെയ്താല്‍ ചുവരില്‍ക്കൂടിയും വശങ്ങളില്‍ക്കൂടിയും വെള്ളം അകത്തെത്തും. കെട്ടിടത്തിന്റെ മുന്‍വശം അലുമിനിയം ഫാബ്രിക്കേഷന്‍ ചെയ്തിരുന്നു. എന്നാല്‍ ഉപ്പുകാറ്റ് പ്രതിരോധിക്കാന്‍ ശേഷിയില്ലാത്ത സാമഗ്രികള്‍ കൊണ്ടു നിര്‍മ്മിച്ചത് കാരണം പലപ്പോഴും അലുമിനിയം ഫ്രെയിമില്‍ ഘടിപ്പിച്ചിരിക്കുന്ന ഗ്ലാസ്സുക്കള്‍ ഇളകി നിലത്ത് വീഴും. ഭാഗ്യംകൊണ്ടാണ് പൊലീസുക്കാരും സ്റ്റേഷനില്‍ എത്തുന്ന പൊതുജനങ്ങളും അപകടം പറ്റാതെ രക്ഷപ്പെടുന്നത്. ശക്തമായ മഴയില്‍ വെള്ളം അകത്തു വീഴുന്നതിനെ തുടര്‍ന്ന് ഇളകി വീണ ഗ്ലാസുകള്‍ക്കു പകരം കമ്പ്യൂട്ടര്‍ റൂമിലടക്കം പത്രക്കടലാസ് വെച്ച് താല്‍കാലിക മറ കെട്ടിയിരിക്കുകയാണ്. 

കനം കുറഞ്ഞ തകര ഷീറ്റുകള്‍ ഇളകി പോയതിനാല്‍ മുകള്‍ നിലയിലെ പൊലീസുക്കാരുടെ വിശ്രമ മുറിയും ഓഫീസ് മുറിയും ചോര്‍ന്നൊലിക്കുന്ന അവസ്ഥയാണ്. മുംബൈ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ തീര സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് വിഴിഞ്ഞത്ത് കോസ്റ്റല്‍ പൊലീസ് സ്റ്റേഷന്‍ സ്ഥാപിച്ചത്. എന്നാല്‍ 2010 ല്‍ പ്രവര്‍ത്തനമാരംഭിച്ച് മൂന്നുവര്‍ഷം ആയപ്പോഴേക്കും കെട്ടിടത്തിന്റെ പല ഭാഗങ്ങളിലും തകര്‍ച്ച കണ്ടെത്തി. 2014 ആയപ്പോഴേക്കും മേല്‍ക്കൂരയിലെ ഷീറ്റുകള്‍ മുഴുവനായും തുരുമ്പെടുത്തിരുന്നു. കെ.പി.എച്ച്.സി (കേരള പോലീസ് ഹൗസിംഗ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍) ആണ് കെട്ടിടത്തിന്റെ അറ്റകുറ്റ പണികള്‍ നടത്തേണ്ടത്. പുതിയ കെട്ടിടങ്ങള്‍ക്ക് അഞ്ച് വര്‍ഷത്തിന് ശേഷമാണ് അറ്റകുറ്റപ്പണികള്‍ നടത്താറുള്ളത്.

അതിന് മുമ്പ് തന്നെ സ്റ്റേഷന്റെ ശോചനീയാവസ്ഥ സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ ബന്ധപ്പെട്ടവര്‍ക്ക് അന്ന് ചുമതലയില്‍ ഉണ്ടായിരുന്നവര്‍ കൈമാറിയിരുന്നു. കെട്ടിടം നിര്‍മിച്ചു ഏഴു വര്‍ഷം പിന്നിടുമ്പോഴും അറ്റകുറ്റപ്പണികള്‍ ഒന്നും തന്നെ നടത്താന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായിട്ടില്ല. പല തവണ ബന്ധപ്പെട്ടവര്‍ ഇത് സംബന്ധിച്ച് അപേക്ഷ നല്‍കിയിട്ടും നടപടിയുണ്ടായില്ല. ഒരു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പടെ 42 പേരാണ് വിഴിഞ്ഞം തീരദേശ പോലീസ് സ്‌റ്റേഷനില്‍ ജോലി ചെയ്യുന്നത്. ട്രോളിംഗ് നിരോധനം സംബന്ധിച്ച സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി എ.ഡി.ജി.പി സന്ധ്യ ഉള്‍പ്പടെയുള്ള നിരവധി ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ വിഴിഞ്ഞത്ത് എത്തിയപ്പോള്‍ തീരദേശ പോലീസ് സ്റ്റേഷന്റെ അവസ്ഥ നേരിട്ട് കണ്ടു ബോധ്യപ്പെട്ടെങ്കിലും തുടര്‍നടപടികള്‍ ഉണ്ടായില്ല.