Asianet News MalayalamAsianet News Malayalam

കലാഭവന്‍ മണിയുടെ മരണകാരണം കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ്

Police still not sure about reason behind Kalabhavan Mani's death
Author
Kochi, First Published Jul 29, 2016, 9:40 AM IST

കൊച്ചി: കലാഭവന്‍ മണിയുടെ മരണകാരണം കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് മനുഷ്യാവകാശ കമ്മീഷനില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ആത്മഹത്യയോ കൊലപാതകമോ സ്വാഭാവിക മരണമോ എന്നതില്‍ വ്യക്തതയില്ലെന്നും പൊലീസ്. ആറ് സഹായികളെ നുണപരിശോധനയ്ക്ക് വിധേയരാക്കാനുള്ള നടപടി പുരോഗമിക്കുന്നതായും പൊലീസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
 
സംസ്ഥാന ഡിജിപിയ്ക്കുവേണ്ടി ചാലക്കുടി ഡിവൈഎസ്‌പി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് കലാഭവന്‍ മണിയുടെ മരണകാരണം കണ്ടെത്താനായില്ലെന്ന് മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചിരിക്കുന്നത്.  നാലുമാസമായി പൊലീസ് നടത്തിയ അന്വേഷണത്തില്‍ ആത്മഹത്യ, കൊലപാതകം, സ്വാഭാവിക മരണം തുടങ്ങിയ സാധ്യതകള്‍ പരിശോധിച്ചിരുന്നു.

സഹായികള്‍ ഉള്‍പ്പടെയുള്ളവരില്‍ നിന്നും മൊഴിയെടുത്തു. തെളിവുകള്‍ ശേഖരിച്ചു. എന്നാല്‍ മരണം കാരണം കണ്ടെത്താനായില്ല. രാസപരിശോധനാഫലം വന്നെങ്കിലും വിദഗ്ധരുടെ സഹായത്താല്‍ അന്തിമ നിഗമനത്തിലെത്താനായില്ല. മണിയുടെ മാനേജര്‍ ജോബി ഉള്‍പ്പടെയുള്ള ആറ് സഹായികളെ നുണപരിശോധനയ്ക്ക് വിധേയമാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും അന്വേഷണ സംഘം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

മണിയുടെ മരണം സംബന്ധിച്ച കേസ് സിബിഐയ്ക്ക് കൈമാറുന്നതിനുള്ള വിജ്ഞാപനം കഴിഞ്ഞ മാസം 10ന് പുറത്തിറക്കിയതായി ആഭ്യന്തര സെക്രട്ടറിയും റിപ്പോര്‍ട്ട് നല്‍കി. മണിയുടെ മരണം സംബന്ധിച്ച അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണനാണ് മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്.

Follow Us:
Download App:
  • android
  • ios