നിലയ്ക്കല്‍: ശബരിമലയിലേക്ക് ശ്രീലങ്കയിൽ നിന്നെത്തിയ തീർത്ഥാടക സംഘത്തിലെ വനിതയെ നിലയ്ക്കലിൽ പൊലീസ് തടഞ്ഞു. മതിയായ തിരിച്ചറിയൽ രേഖകൾ ഇല്ലാത്തതിനാൽ ആണ് തടഞ്ഞതെന്ന് പൊലീസ് അറിയിച്ചു. 70 അംഗ തീർത്ഥാടക സംഘത്തിൽ ഉൾപ്പെട്ട ഇവരെ നിലയ്ക്കലിലെ പൊലീസ് കൺട്രോൾ റൂമിലേക്ക് മാറ്റി. വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം. 

കെ എസ് ആർ ടി സി ബസിൽ എത്തിയ തീർത്ഥാടക സംഘത്തെ നിലയ്ക്കൽ ഗോപുരത്തിന് മുന്നിൽ പൊലീസ് പരിശോധിച്ചു. സ്ത്രീയുടെ പക്കൽ യാതൊരു തിരിച്ചറിയൽ രേഖയും ഉണ്ടായിരുന്നില്ല. മുൻപ് മൂന്ന് തവണ ശബരിമല സന്ദർശിച്ച ചിത്രങ്ങൾ പൊലീസിനെ കാണിച്ചെങ്കിലും യാത്ര തുടരാൻ അനുവദിച്ചില്ല. സത്രീയെ കൺട്രോൾ റൂമിലേക്ക് മാറ്റിയ ശേഷം മറ്റുള്ളവരെ ശബരിമല സന്ദർശനത്തിന് അനുവദിച്ചു.