മരിച്ച നിലയില്‍ ഹോട്ടല്‍ മുറിയില്‍ കാണുന്നതിന് ഒമ്പത് ദിവസം മുമ്പാണ് സുനന്ദയുടെ ഈ സന്ദേശം തരൂരിനെ തേടിയെത്തിയത് 

ദില്ലി: ജീവിക്കാനുള്ള ആഗ്രഹം നഷ്ടമായി. മരണത്തിനായി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. അവസാന ഇമെയിലുകളില്‍ ശശി തരൂരിനോട് സുനന്ദ പുഷ്കറിന് പറയാനുള്ളത് ഇതായിരുന്നെന്ന് പൊലീസ്. മരിച്ച നിലയില്‍ ഹോട്ടല്‍ മുറിയില്‍ കാണുന്നതിന് ഒമ്പത് ദിവസം മുമ്പാണ് സുനന്ദയുടെ ഈ സന്ദേശം തരൂരിനെ തേടിയെത്തിയതെന്ന് ദില്ലി പൊലീസ് വിശദമാക്കുന്നു. മരണത്തിന് മുമ്പ് നടത്തിയ സന്ദേശമായതിനാല്‍ ഇത് തരൂരിന് എതിരായുള്ള തെളിവായി കണക്കാക്കണമെന്നാണ് പൊലീസ് ആവശ്യം

വിഷം ഉള്ളില്‍ ചെന്നാണ് സുനന്ദയുടെ മരണം. ആല്‍പ്രാക്സിന്റെ 27 ഗുളികകളാണ് സുനന്ദയുടെ മുറിയില്‍ കണ്ടെത്തിയത്. എത്ര ഗുളിക അവര്‍ കഴിച്ചുവെന്നത് ഇനിയും വ്യക്തമായിട്ടില്ല. ഭാര്യയെ അവണിച്ച് അവരെ വിഷാദത്തിലേക്ക് തള്ളി വിട്ട ഭര്‍ത്താവായിരുന്നു ശശി തരൂരെന്ന് പൊലീസ് കുറ്റപത്രത്തില്‍ പറയുന്നു. ഇവര്‍ തമ്മില്‍ കലഹം പതിവായിരുന്നെന്നനും ഗുരുതരമല്ലാത്ത മുറിവുകള്‍ സുനന്ദയുടെ ശരീരത്ത് ഉണ്ടായിരുന്നെന്നും പൊലീസ് വിശദമാക്കുന്നു. സമ്മര്‍ദ്ദം കുറക്കാനുള്ള മരുന്നുകള്‍ സുനന്ദയ്ക്ക് നിരന്തരം കഴിക്കേണ്ട അവസ്ഥയിലായിരുന്നെന്നും പൊലീസ് കുറ്റപത്രത്തില്‍ പറയുന്നു. 

പാക് മാധ്യമ പ്രവര്‍ത്തകയുമായുള്ള തരൂരിന്റെ ബന്ധത്തെച്ചൊല്ലി ട്വിറ്ററില്‍ ഇരുവരും ഏറ്റുമുട്ടിയിരുന്നെന്നും പൊലീസ് പറയുന്നു. മരണത്തിന് മുമ്പ് സുനന്ദ തരൂരിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും തരൂര്‍ അവഗണിക്കുകയായിരുന്നെന്ന് പൊലീസ് കുറ്റപത്രത്തില്‍ പറയുന്നു.സമൂഹ മാധ്യമങ്ങളിലൂടെ ബന്ധപ്പെടാനുള്ള ശ്രമങ്ങളും തരൂര്‍ അവഗണിച്ചെന്നും കുറ്റപത്രത്തില്‍ ആരോപണമുണ്ട്. മൂവായിരം പേജുള്ള കുറ്റപത്രമാണ് കേസില്‍ സമര്‍പ്പിച്ചിരിക്കുന്നത്. സുനന്ദയെ ആത്മഹത്യയിലേക്ക് തരൂര്‍ തള്ളിവിടുകയായിരുന്നെന്ന് സമര്‍ത്ഥിക്കുന്നതാണ് കുറ്റപത്രത്തിലെ നിഗമനങ്ങള്‍.