തൊടുപുഴ: ഇടുക്കിയില്‍ പെണ്‍കുഞ്ഞുങ്ങളടങ്ങുന്ന ദളിത് കുടുംബത്തിന്‍റെ വീട് സിപിഎം ഓഫീസ് ആക്കി മാറ്റിയ സംഭവത്തില്‍ നാല് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. മുരുക്കടി ബ്രാഞ്ച് സെക്രട്ടറി ബിനീഷ് ദേവ്, അനിയന്‍, അനൂപ്, അഭിലാഷ് എന്നിവര്‍ക്കെതിരെയാണു കേസെടുത്തത്. കുമളിക്കടുത്ത് മുരിക്കടിയില്‍ ദളിത് കുടുംബത്തെ കുടിയിറക്കിയ വാര്‍ത്ത ഏഷ്യാനെറ്റ് ന്യൂസ് ആണ് പുറത്തുകൊണ്ടുവന്നത്. മുരുക്കടി ലക്ഷ്മിവിലാസത്തില്‍ മാരിയപ്പന്‍ - ശശികല ദമ്പതികളെയും ഇവരുടെ രണ്ടും മൂന്നര വയസ്സുമുള്ള പെണ്‍കുഞ്ഞുങ്ങളെയുമാണ് ഇറക്കിവിട്ടത്. സംഭവത്തില്‍ പട്ടികജാതി പട്ടിക വര്‍ഗ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. ജില്ലാ കളക്ടര്‍, എസ്പി, ജില്ല പട്ടിക ജാതി വികസന ഓഫീസര്‍ എന്നിവര്‍ റിപ്പോര്‍ട്ട് നല്‍കണം.
കുടുംബത്തെ പുറത്താക്കരുതെന്ന കോടതി വിധി അവഗണിച്ചായിരുന്നു പാര്‍ട്ടി പ്രവര്‍ത്തകരുടെ നടപടി. ബന്ധുക്കളായ മുരുക്കടി സ്വദേശികളായി മാരിയപ്പനും അധ്യാപകനായ മുത്തു എന്ന മുഹമ്മദ് സല്‍മാനും തമ്മിലുള്ള തര്‍ക്കമാണ് സംഭവത്തിന് പിന്നില്‍. മാരിയപ്പന്‍ മുത്തച്ചനൊപ്പം മുരിക്കടിയലുള്ള വീട്ടിലായിരുന്നു താമസം. വിവാഹം ശേഷം വീട് നല്‍കാമെന്ന് മുത്തച്ഛന്‍ വാക്കു നല്‍കിയിരുന്നതായി മാരിയപ്പന്‍ പറയുന്നു. ഇതനുസരിച്ച് മാരിയപ്പന്‍ ശശികലയെ വിവാഹം കഴിച്ചു. വിവാഹ ശേഷം സല്‍മാനും മാരിയപ്പനും തമ്മില്‍ വീടിന്‍റെ ഉടമസ്ഥാവകാശത്തെ ചൊല്ലി തര്‍ക്കമായി. ഇതിനിടെ സല്‍മാന്‍ ഭൂമി സംബന്ധമായ രേഖകള്‍ തന്‍റെ പേരിലാക്കി.
തര്‍ക്കം മൂത്തതോടെ മുത്തു സിപിഎമ്മുകാരെ സമീപിച്ചു. മാരിയപ്പന്‍ സിപിഐക്കാരെയും സമീപിച്ചു. മാരിയപ്പനു സംരക്ഷണം നല്‍കാനായി കഴിഞ്ഞ ദിവസം സിപിഐക്കാര്‍ വീടിനു മുന്നില്‍ കൊടി നാട്ടി. പിന്നീടു നേതാക്കള്‍ ഇടപെട്ടു കൊടി മാറ്റി. മാരിയപ്പന്‍ വീട്ടില്‍ നിന്നും ഒഴിയണമെന്ന നിലപാടുമായി സിപിഎം മുത്തുവിനൊപ്പം ചേര്‍ന്നു. ഇതിനിടെ വീട്ടില്‍ നിന്നും തങ്ങളെ ഒഴിപ്പിക്കാതിരിക്കാന്‍ ശശികല പീരുമേട് കോടതിയില്‍ നിന്നും ഉത്തരവ് സമ്പാദിച്ചു. ഉത്തരവുമായി എത്തിയപ്പോള്‍ വീട് പാര്‍ട്ടി ഓഫീസായെന്നും തങ്ങളെ ഭീഷണിപ്പെടുത്തിയതായും ബ്രാഞ്ച് സെക്രട്ടറി മര്‍ദിച്ച് പുറത്താക്കിയെന്നും മാരിയപ്പനും ശശികലയും പറയുന്നു.
അതേസമയം, രേഖകള്‍ മുത്തുവിന്റെ പേരിലായതിനാല്‍ വീട് ഒഴിയണമെന്നാവശ്യപ്പെട്ട് പൊലീസിനെ സമീപിക്കുക മാത്രമാണ് ചെയ്തതെന്നാണ് സിപിഎം നേതൃത്വം പറയുന്നത്. വീട് പാര്‍ട്ടി ഓഫീസിനു വാടകക്ക് നല്‍കിയതാണെന്നാണ് ഇവരുടെ നിലപാട്. സംഭവം സംബന്ധിച്ച് നടപടിയെടുക്കാന്‍ കുമളി പൊലീസ് തയ്യാറാകുന്നുമില്ല. ജില്ലയില്‍ വളര്‍ന്നു വരുന്ന സിപിഎം സിപിഐ തര്‍ക്കത്തിന്റെ ഭാഗമായി ഇതും മാറിയിരിക്കുകയാണ്.
